പ്രവാസികളെ നാട്ടില്‍ നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പുതിയ പദ്ധതികളുമായി നോര്‍ക്ക. നാട്ടിലൊരു ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന കാര്യമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങലും മറ്റ് നൂലാമാലകളും. ഇതൊക്കെ ആലോചിക്കുമ്പോള്‍ പലരും ബിസിനസെ വേണ്ട എന്ന തീരുമാനത്തിലാണ് എത്തുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഒരു പ്രതിവിധി എന്ന നിലയ്ക്കാണ് നോര്‍ക്ക റൂട്ട്‌സ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഇതിനായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പ്രത്യേക കേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് നോര്‍ക്ക റൂട്സ്. നിക്ഷേപ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും നോര്‍ക്ക റൂട്സ് ഇതിലേക്ക് തേടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് നോര്‍ക്ക റൂട്ടസ് താത്പര്യപത്രം ക്ഷണിച്ചു.

സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുകയെന്നതാണ് നോര്‍ക്ക റൂട്സ് കൊണ്ടുവരാനുദ്ദേശിക്കുന്ന നിക്ഷേപ സൗഹൃദ കേന്ദ്രത്തിന്റെ ലക്ഷ്യം. ഒരു സംരംഭം തുടങ്ങുന്നതിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. അതിന് പകരം ഏകജാലക സംവിധാനമാകും കൊണ്ടുവരിക. ഈ കേന്ദ്രം സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മൂന്നരക്കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

നിക്ഷേപകര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ക്കുപുറമെ, അവര്‍ക്കാവശ്യമായ പ്രൊഫഷണല്‍ സപ്പോര്‍ട്ടും ഈ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതയെക്കുറിച്ച് പ്രവാസികള്‍ക്ക് വേണ്ട ഉപദേശങ്ങളും ലഭിക്കും. അനുഭവസമ്പത്തുള്ള നിക്ഷേപകരുടെ സഹായവും ഇതിനായി വിനിയോഗിക്കും. കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് ഈ കേന്ദ്രവും പ്രവര്‍ത്തിക്കുക.

ഫെസിലിറ്റേഷന്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തത്പരരായ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നാണ് നോര്‍ക്ക റൂട്സ് താത്പര്യപത്രം (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) തേടിയിട്ടുള്ളത്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാപനങ്ങളും ഏജന്‍സികളും ഓഗസ്റ്റ് പത്തിനകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്സ്, തേഡ് ഫ്ളോര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററുമായി സഹകരിക്കാനുദ്ദശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും നോര്‍ക്ക നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും സമയാസമയം അറിയുകയും അതേക്കുറിച്ച് പ്രവാസികളെ ധരിപ്പിക്കുകയും വേണം. ഓരോ വ്യവസായ സംരംഭം തുടങ്ങുന്നതിനാവശ്യമായ സര്‍്ട്ടിഫിക്കറ്റുകള്‍, ക്ലിയറന്‍സുകള്‍ എന്നിവയെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും അത് നേടിക്കൊടുക്കുകയും ചെയ്യുക.

കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സെമിനാറുകള്‍, സര്‍വേകള്‍, പഠനങ്ങള്‍, കോണ്‍ഫെറന്‍സുകള്‍, ശില്പശാലകള്‍ എന്നിവ നടത്തി പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക. കേരളത്തില്‍ വ്യവസായം നടത്താന്‍ തത്പരരായ പ്രവാസികളുടെ പട്ടിക തയ്യാറാക്കുകയും അത് നോര്‍ക്ക റൂട്സിനെ അറിയിക്കുകയും ചെയ്യുക. ഇവര്‍ക്കാവശ്യമായ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുകയും ചെയ്യുക തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നോര്‍ക്ക റൂട്സ് നല്‍കിയിട്ടുള്ളത്.

Loading...