ഇന്ത്യന്‍ രൂപയുടെ മൂല്യം ദിവസംതോറും ഇടിയുന്നു. ഡോളര്‍ ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റഴിക്കല്‍ ഇരട്ടിയായി. നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചതോടെ രാജ്യത്തെ വിപണി അസ്ഥിരമാകുമോ എന്നാണ് ഭയം. സാമ്പത്തിക രംഗത്തെ കാര്യങ്ങള്‍ കുഴഞ്ഞുമറയുമ്പോള്‍ കടല്‍ കടന്നവര്‍ക്ക് സന്തോഷിക്കാന്‍ നേരിയ വകയുണ്ട്. കാരണം അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യം ലഭിക്കാനുള്ള അവസരം കൂടിയാണ്.

വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യത്തിന് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷ. അതേസമയംതന്നെ ആഭ്യന്തര സാമ്പത്തിക രംഗത്ത് ആശങ്കയും. വരും ദിവസങ്ങളില്‍ അത്ര പ്രതീക്ഷ വേണ്ടെന്ന നിരീക്ഷണവും വരുന്നുണ്ട്. രൂപയുടെ മൂല്യത്തിന്റെ കാര്യത്തില്‍ 67 എപ്പോഴും ഒരു മാന്ത്രിക സംഖ്യയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 67ലാണ് സാധാരണ രൂപയുണ്ടാകാറ്. ഈ സംഖ്യയില്‍ നിന്ന് താഴേക്ക് പോകുന്നത് ധനകാര്യ വിദഗ്ധര്‍ക്ക് ആശങ്ക ഇരട്ടിയാക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സമാനമായ സാഹചര്യമുണ്ടായിരുന്നു.

2017 ഫെബ്രുവരിക്ക് ശേഷം ഇപ്പോഴിതാ ആദ്യമായി രൂപയുടെ മൂല്യം 67ന് താഴേക്ക് പോയിരിക്കുന്നു. കഴിഞ്ഞദിവസം ക്ലോസിങ് നിലവാരം 67.28 ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയുള്ള നിലവാരം 67.36 ആയി വീണ്ടും താഴ്ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ ദിനംപ്രതി ഇടിയുകയാണ്. മൂല്യം 70 രൂപയിലേക്ക് എത്തുമോ എന്നാണ് ആശങ്ക.എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷയാണ്. അവര്‍ ഈ വേളകള്‍ ഉപയോഗപ്പെടുത്തി കൂടുതലായി നാട്ടിലേക്ക് പണമയക്കുന്നുണ്ട്. ഗള്‍ഫ് നാണയങ്ങള്‍ക്കെല്ലാം മൂല്യം സ്വാഭാവികമായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞദിവസം ഖത്തര്‍ റിയാലിന് 18.34 രൂപയാണ് നല്‍കേണ്ടി വന്നത്. സമാനമായ രീതി തന്നെയാണ യുഎഇയിലും.ഈ മാസം തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് പ്രവാസികള്‍ പണമയക്കുന്നതും വര്‍ധിച്ചിരുന്നു. ഇപ്പോഴും പണമയക്കുന്നത് വന്‍തോതില്‍ ഉയരുകയാണ്. എന്നാല്‍ ഈ നില അധികദിവസങ്ങളുണ്ടാകില്ലെന്ന നിരീക്ഷണവുമുണ്ട്.

15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോഴുള്ളത്. തിരിച്ചുവരവ് എളുപ്പമല്ലെന്നാണ് ഇപ്പോള്‍ വിപണിയില്‍ നിന്നുള്ള സൂചന. എന്നാല്‍ വന്‍തോതില്‍ ഇടിവുണ്ടാകുമെന്നും കരുതുന്നുമില്ല. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളറിനെതിരെ രൂപയുടെ റഫറന്‍സ് റേറ്റായി 67.3815 ആണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.വന്‍തോതില്‍ ഇനിയും രൂപ ഇടിയാന്‍ സാധ്യത കുറവാണ്. നേരിയ ഇടിവ് കൂടി രേഖപ്പെടുത്തിയേക്കാം. അതിന് ശേഷം തിരിച്ചുകയറാനാണ് സാധ്യത. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് ഇപ്പോഴാണ് പണമയക്കാനുള്ള ഏറ്റവും അനിയോജ്യമായ സമയം. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് സംഭവിച്ചിരിക്കുന്ന ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്.

Loading...