കൊച്ചി: അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ജീവിതം തന്നെ മാറ്റിമറിച്ച നടിയാണ് പ്രിയാ വാര്യര്‍.താരത്തിന് ഇപ്പോള്‍ കൈനിറച്ച് ചിത്രങ്ങളാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച നടി ഇപ്പോൾ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് . രണ്ടാം വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ് പ്രിയ. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തില്‍ മിടുക്കിയാണെന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അധ്യാപകര്‍ അവരുടെ ഭാഗം നീതിപൂര്‍വം പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്.

ക്രൈം ത്രില്ലറായ ലവ് ഹാക്കര്‍ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലഖ്‌നൗ, ദില്ലി,ഗുര്‍ഗാവോണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു.

Loading...