തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു.സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  തീവ്രവാദവിരുദ്ധ സ്ക്വാഡിനാണ് അന്വേഷണ ചുമതല.

എന്‍ഐഎയുടെ എഫ്ഐആറില്‍ പറയുന്നത് കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പിന്നില്‍ തീവ്രവാദസംഘടനകളെന്നാണ്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും പറയുന്നു. ഇതിന്റെ സൂചനകള്‍ ഒരു വര്‍‍ഷം മുന്‍പ് തന്നെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. 

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സമാന്തര സാമ്പത്തിക ശക്തിയായി സ്വര്‍ണക്കടത്ത് മാഫിയ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നില്‍. കോഴിക്കോട്ടെ കൊടുവള്ളി ഇതിന്റെ ഹബായി മാറി. പിടിക്കപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ഉപയോഗിക്കുന്നൂവെന്നതായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെയും എന്‍ഐഎയുടെ എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം. നിലവിലെ സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധപ്പെട്ടല്ല അന്വേഷണം. പകരം ഒട്ടേറെ കേസുകളില്‍ പ്രതികളായിട്ടുള്ളവരെ കേന്ദ്രീകരിച്ചുളള പ്രാഥമിക പരിശോധനയാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് നടത്തുന്നത്. 

അതേസമയം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. ജയഘോഷിനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി. ജയഘോഷിന് സ്വര്‍ണക്കടത്തിനേക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.  മാത്രവുമല്ല, കോണ്‍സുല്‍ ജനറലും അറ്റാഷെയും നാട്ടിലേക്ക് മടങ്ങിയ കാര്യം ജയഘോഷ് പൊലീസിനെ അറിയിച്ചില്ല. പിസ്റ്റള്‍ മടക്കി നല്‍കുന്നതിലും വീഴ്ച വരുത്തി. തിരോധാനവും ആത്മഹത്യയുമടക്കം പെരുമാറ്റചട്ടത്തിലും വീഴ്ച വന്നെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷനാണ് ആലോചന.

Loading...