ജറുസലമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. 1,300 പേർക്കു പരുക്കേറ്റു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾക്കു തുടക്കമായാണ് യുഎസ് ജറുസലമിൽ എംബസി തുറന്നത്. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎസിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേൽ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുഎസിന്റെ നീക്കം പലസ്തീനിലും ലോകരാജ്യങ്ങൾക്കിടയിലും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഗാസയിൽ ഭരിക്കുന്ന ഹമാസ് ‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ എന്ന പേരിൽ കഴിഞ്ഞ ആറാഴ്ചയായി വൻ പ്രതിഷേധം നടത്തിവരികയായിരുന്നു. എന്നാൽ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.

പലസ്തീൻകാർ എറിഞ്ഞപ്പോൾ കല്ലുകളും ബോംബുകളും ഇസ്രയേൽ സൈന്യം സ്നൈപ്പർമാരെ ഉപയോഗിച്ചാണു പ്രതിരോധിച്ചത്. ‘കലാപത്തിൽ’ 35,000 പലസ്തീൻകാരാണു പങ്കെടുത്തതെന്നും ‘സാധാരണ നടപടിക്രമങ്ങൾക്ക്’ അനുസരിച്ചാണു സേന പ്രതികരിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.

Loading...