ദോഹ: രാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള പ്രവാസിക്ക് തന്റെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. 2015 ലെ 21 ാം നമ്പര്‍ നിയമപ്രകാരം ഇമിഗ്രേഷന്‍ വകുപ്പ് പതിവായി രൂപപ്പെടുത്തുന്ന നിബന്ധനകള്‍ അനുസരിച്ച് ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ള വിദേശിക്ക് തന്റെ കുടുംബത്തെ അതായത് ഭാര്യയെയോ ഭര്‍ത്താവിനെയോ സ്‌പോണ്‍സര്‍ ചെയ്യാം. അവിവാഹിതരായ പെണ്‍മക്കള്‍ക്കും 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കള്‍ക്കും വിദേശിയുടെ വിസയുടെ കീഴില്‍ റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതാണ്. പ്രവാസികളുടെ മാതാപിതാക്കള്‍ക്കും റസിഡന്‍സ് പെര്‍മിറ്റിനായി അധികാരികളെ സമീപിക്കാവുന്നതാണ്.

അതെസമയം റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കപ്പെട്ട ഏതൊരു വിദേശിക്കും കാലാവധിയെ കുറിച്ച് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കേണ്ടതാണ്. 21 ാം നിയമത്തിലെ 14 ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഖത്തര്‍ റസിഡന്‍സ് ഉള്ള ഒരു വിദേശി തുടര്‍ച്ചയായി ആറുമാസത്തിലധികം രാജ്യത്തിനു പുറത്തു താമസിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. എന്നാല്‍ മടങ്ങി പോകുന്നതിന് മുമ്പായി അധികാരികളുടെ യാത്രാനുമതി ലഭിക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്താല്‍ ഈ നിബന്ധന മറികടക്കാവുന്നതാണ്. എന്നാലും മടക്കയാത്രാ വേളയില്‍ റസിഡന്‍സ് പെര്‍മിറ്റിനു ചുരുങ്ങിയത് 60 ദിവസത്തെ സാധുത ഉണ്ടായിരിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴിലാളിക്കു പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യയുള്ളതുപോലെതന്നെ രാജ്യത്ത് താമസിക്കുന്ന എല്ലാ പ്രവാസികളും തങ്ങളുടെ പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍, റസിഡന്‍സ് പെര്‍മിറ്റ് എന്നിവ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുന്ന ഏതു സാഹചര്യത്തിലും ഹാജരാക്കാന്‍ ബാധ്യസ്ഥരാണ്.

അതെസമയം ഏതെങ്കിലും കാരണവശാല്‍ രേഖകള്‍ നഷ്ടപ്പെടുകയോ നശിച്ച് പോവുകയോ ചെയ്താല്‍ ഉടന്‍തന്നെ വിവരം അധികാരികളെ അറിയിക്കുകയും പുതിയ രേഖകള്‍ ലഭിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം.

Loading...