വിസ വ്യവസ്ഥകളിലുള്‍പ്പടെ നിരവധി ഇളവുകളായിരുന്നു ഖത്തര്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ചില ഇളവുകള്‍ ഖത്തര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. വിസാ ഫ്രീ എന്‍ട്രി സംവിധാനത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഫ്രീ വിസ എന്‍ട്രി വഴി എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി 30 ദിവസം മാത്രമേ ഖത്തറില്‍ തങ്ങാന്‍ സാധിക്കൂ. നേരത്തെ ഇത് 30 ദിവസം കൂടി വര്‍ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഇനി മുതല്‍ കാലാപരിധി നീട്ടാന്‍ സാധിക്കില്ല. കൂടാതെ മറ്റു ചില നിബന്ധനകളും ഇന്ത്യക്കാര്‍ക്ക് മാത്രമായി കൊണ്ടുവന്നിട്ടുണ്ട്. നവംബര്‍ 11 മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരുക. ആഭ്യന്തര മന്ത്രായയത്തിന്റെ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു നിബന്ധന, ഖത്തറിലേക്ക് വിസാ ഫ്രീ എന്‍ട്രി വഴി എത്തുന്ന വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണ് എന്നുള്ളതാണ്. കുടുംബമായിട്ടാണ് എത്തുന്നതെങ്കില്‍ കുടുംബ നാഥനായ പുരുഷന്റെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് വേണം. അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിക്കേണ്ടിവരും.

കൂടാതെ പദ്ധതി പ്രഖ്യാക്കുമ്പോഴുണ്ടായിരുന്ന എല്ലാ നിബന്ധനകളും പാലിക്കുകയും വേണം. വിസാ ഫ്രീ എന്‍ട്രി വഴി ഖത്തറിലെത്തുന്ന വ്യക്തിയുടെ പേരില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. ആറ് മാസം കാലാവധി ബാക്കിയുള്ള പാസ്പോര്‍ട്ടാണ് വേണ്ടത്. കൂടാതെ മടക്ക ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്ത രേഖ എന്നിവയും നിര്‍ബന്ധമാണ്.

വിസാ ഫ്രീ എന്‍ട്രി സംവിധാനം ഖത്തര്‍ അനുവദിച്ചിട്ടുള്ളത് 88 രാജ്യങ്ങള്‍ക്കാണ്. ഈ പദ്ധതി പ്രഖ്യാപിച്ച ശേഷം ഖത്തറിലേക്ക് കൂടുതലായി വരുന്നത് ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. ഈ പദ്ധതി പ്രഖ്യാപിച്ചത് ഖത്തറിന് അന്താരാഷ്ട്ര തലത്തില്‍ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്നു. പശ്ചിമേഷ്യല്‍ ഏറ്റവും തുറന്ന വ്യവസ്ഥകളുള്ള രാജ്യമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപനത്തിന് ശേഷം ഖത്തറിനെ പരിഗണിക്കുന്നത്. ആഗോള തലത്തില്‍ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഖത്തര്‍. തുറന്ന വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 2014ല്‍ 177 ആയിരുന്നു ഖത്തറിന്റെ സ്ഥാനം. ഇപ്പോള്‍ 71.3 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം വിദേശികളെ ആകര്‍ഷിക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയായിരുന്നു ഖത്തര്‍. ഇപ്പോള്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ ഒഴിവാക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഖത്തറിന്. ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Loading...