തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ബുധനാഴ്ച രാവിലെ കണ്ണൂരില്‍നിന്നാണ് രാഹുല്‍ഗാന്ധി തിരുനെല്ലിയിലെത്തിയത്. തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡില്‍ പത്തു മണിയോടെയാണ് രാഹുല്‍ഗാന്ധി ഹെലികോപ്റ്റര്‍ ഇറങ്ങിയത്. അവിടെനിന്ന് വാഹനത്തില്‍ പഞ്ചതീര്‍ഥം വിശ്രമമന്ദിരത്തിലെത്തി. തുടര്‍ന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുതു. പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി വേണുഗോപാല്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം മുക്കാല്‍ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് അദ്ദേഹം പാപനാശിനിയിലെത്തി. പൂജാരിമാര്‍ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി. തിരികെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി, പ്രസാദം വാങ്ങിയതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.

രാഹുല്‍ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തിരുന്നത്. നാമിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലയിലെത്തുന്ന ദിവസം രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇതിന് അനുമതി നല്‍കിയിരുന്നില്ല.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുല്‍ത്താന്‍ബത്തേരിയില്‍ പൊതുയോഗ സ്ഥലത്തേയ്ക്കാണ് രാഹുല്‍ ഗാന്ധി പോകുന്നത്. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങള്‍ക്കുപുറമേ കോഴിക്കോട് ജില്ലയില്‍പ്പെട്ട തിരുവമ്പാടി, മലപ്പുറം ജില്ലയില്‍പ്പെട്ട വണ്ടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലും രാഹുല്‍ ബുധനാഴ്ച സന്ദര്‍ശിക്കുന്നുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്.പി.ജി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ക്ഷേത്രത്തിലും തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്തുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. മേഖലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Loading...