വിധി വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ എക്സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ജാഗരൂഗരായിരിക്കണമെന്നും പ്രവര്‍ത്തകരുടെ കഠിനാധ്വാനം പാഴാകില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പാഴാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് രാഹുലിന്‍റെ വാക്കുകള്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബിജെപിയും അവസാനനിമിഷമുണ്ടായ ഐക്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ പ്രതീക്ഷവയ്ക്കുന്നു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണി തുടങ്ങുമെങ്കിലും നിശ്ചിതനിരക്കില്‍ വിവിപാറ്റ് രസീതുകളും എണ്ണുന്നതിനാല്‍ അന്തിമഫലമറിയാന്‍ വൈകും.

മോദി തരംഗമോ ബിജെപി സുനാമിയോ ? കോണ്‍ഗ്രസിന്റെ തിരിച്ചുവരവോ രാഹുലിന്റെ നാളുകളോ..? അതോ ഐക്യപ്രതിപക്ഷത്തിന്റെ വിജയഭേരിയോ ? എല്ലാ കണ്ണുകളും നാളത്തെ പകലിനെ നോക്കിയിരിപ്പാണ്.
120 കോടി ജനങ്ങളുടെ വിധി ഒരുപകല്‍ അകലെ. ആകെയുള്ള എണ്ണത്തി ഒമ്പത് കോടി എണ്ണപത്തി ഏഴ് ലക്ഷത്തി അറുപത്തെട്ടായിരത്തി തൊള്ളായിരത്തി എഴുപത്തി എട്ട് (898,768,978) വോട്ടര്‍മാരില്‍ 67.11 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്.

രാജ്യത്തെ 542 മണ്ഡലങ്ങളിലായി 8040 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. തുടര്‍ച്ചയായ രണ്ടാം തവണയും കാവി പാറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ വോട്ടെണ്ണല്‍ദിനത്തിലും നരേന്ദ്രമോദി തന്നെയാണ് ശ്രദ്ധാകേന്ദ്രം. എക്സിറ്റ് പോളുകള്‍ തിരിച്ചടിച്ചെങ്കിലും ന്യായ് ഉള്‍പ്പടെയുള്ള വന്‍വാഗ്ദാനങ്ങളുടെ ചിറകിലേറിയ രാഹുലിന്റെ കോണ്‍ഗ്രസും യുപിഎയും പ്രതീക്ഷകള്‍ അവസാനിപ്പിക്കുന്നില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസാന സാധ്യതയും ഉപയോഗിക്കാനാണ് വിശാലപ്രതിപക്ഷത്തിന്റെ ശ്രമം. വിവിപാറ്റുകള്‍ അടക്കമുള്ള വിഷയങ്ങളിലൂടെ അവസാനനിമിഷത്തില്‍ വന്ന ഐക്യം അനുകൂലമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ എല്ലാം ജനഹിതനുസരിച്ച് മാത്രം.

Loading...