കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. മിനിമം വേതനത്തിന് താഴെ നില്‍ക്കുന്നവര്‍ക്ക് അതിനാവശ്യമായ തുക അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ജനങ്ങളുടെ 12 ലക്ഷം കോടി രൂപ മോദി വന്‍കിടക്കാര്‍ക്ക് നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. കടം എഴുതി തള്ളാന്‍ കര്‍ഷകര്‍ അവശ്യപ്പെടുമ്പോള്‍ അവരെ നോക്കി മോദി ചിരിക്കുകയാണ്. ഇത്തരക്കാര്‍ക്കായാണ് മിനിമം വേതനം ഉറപ്പാക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് 33% സംവരണം പാര്‍ലമെന്റില്‍ ഉറപ്പിക്കും. ഇത് നടപ്പാക്കാനാവുന്നത് മാത്രം പറയുന്ന ഞാന്‍ നല്‍കുന്ന വാക്കാണ്. രാജ്യത്തെ ദേശീയ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം ജോലി സംവരണവും ഉറപ്പാക്കും. സംരഭകര്‍ക്കായി ബാങ്കുകളുടെ കവാടങ്ങള്‍ തുറന്നിട്ടു കൊടുക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.

നിലവിലെ ജി.എസ്.ടി സംവിധാനത്തെ അപ്പാടെ പൊളിച്ച് മാറ്റി ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ട് വരും. അത് സാധാരണ ജനങ്ങളുടെ നികുതി സമ്പ്രദായമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മധ്യവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നവും രൂക്ഷമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും ആവശ്യമായ സൗകര്യവും ഒരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇക്കാര്യങ്ങളൊന്നും നരേന്ദ്ര മോദിക്ക് മനസ്സിലാവില്ല. കാരണം അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സുരക്ഷയ്ക്കുമായി പ്രത്യകം തുക മാറ്റിവെക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ പണം കട്ടെടുത്തവരെല്ലാം മോദിക്ക് കൂടപ്പിറപ്പുകളാണ്. നീരവ് മോദിയെ നീരവ് ഭായ് എന്നാണ് ആദ്ദേഹം വിളിക്കുന്നത്. അനില്‍ അംബാനി അദ്ദേഹത്തിന് അനില്‍ ഭായിയും, മെഹുല്‍ ചോക്സി മെഹുല്‍ ഭായിയുമാണ്. കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ ഇവരോടൊപ്പം നരേന്ദ്ര മോദിയും അഴിക്കുള്ളിലാവും. അന്ന് ജനങ്ങള്‍ക്ക് നീതി ലഭിക്കും മെന്നും രാഹുല്‍ വ്യക്തമാക്കി.

ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് സ്വാഗതം പറഞു, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Loading...