സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോൺഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. അതേസമയം ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുൽ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തിൽ പറഞ്ഞു.

അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം രാജ്യത്തിനാകെ മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്കു വേണ്ടി മാത്രം ഒരു ബജറ്റുണ്ടാകും. ഇതിൽ കശുവണ്ടി കർഷകരും ഉൾപ്പെടും. വർഷം തുടങ്ങുമ്പോൾ തന്നെ സർക്കാർ നിങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്ന കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാകും. ന്യായ് പദ്ധതിക്കു വേണ്ടി ഒരു രൂപപോലും രാജ്യത്തെ മധ്യവർഗത്തിൽനിന്ന് ഈടാക്കില്ല. നികുതി വർധിപ്പിക്കില്ല. രാജ്യത്തെ സമ്പന്നരിൽനിന്നു മാത്രമേ ഇത് ഈടാക്കൂ. നിയമങ്ങൾ അനുസരിച്ച് വ്യവസായം ചെയ്യുന്നവരിൽനിന്ന് ഇത് ഈടാക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണെന്ന ഒറ്റക്കാരണത്തിലാണ് അതിസമ്പന്നർക്ക് എല്ലാം ലഭിക്കുന്നത്. ഇവരിൽനിന്നാണ് ന്യായ് പദ്ധതിക്ക് ഈടാക്കുക’

ഒരു വ്യവസായം തുടങ്ങി മൂന്നു വർഷത്തേക്ക് ഒരു സർക്കാർ സ്ഥാപനത്തിൽനിന്നുപോലും അനുമതി തേടേണ്ടതില്ലെന്ന ഉറപ്പാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ‘രാജ്യത്തെ ജനങ്ങളോടു നൽകിയ ഒരു വാഗ്ദാനം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചിട്ടില്ല. നിങ്ങളിൽ ഒരാൾക്കുപോലും മോദി ജോലി നൽകിയിട്ടില്ല. എന്നാൽ അനിൽ അംബാനിക്ക് 30,000 കോടി രൂപയുടെ കരാർ നൽകി. നീരവ് മോദിക്കും മെഹുൽ ചോക്സിക്കും വിജയ് മല്യയ്ക്കും ലളിത് മോദി അങ്ങനെ പട്ടിക പോകുകയാണ്. രാജ്യത്തെ അതിസമ്പന്നരായ 15 പേർക്കു വേണ്ടി 3.5 ലക്ഷം കോടി രൂപയാണ് മോദി ചെലവിട്ടത്’ താൻ കേരളത്തിൽ മൽസരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുൽ പറഞ്ഞു.

Loading...