9 ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ബുധനാഴ്ച (14–08–19) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച നടത്തേണ്ടിയിരുന്ന വകുപ്പു തല പരീക്ഷ മാറ്റിയതായി പി.എസ്.സി അറിയിച്ചു.

എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് അവധി നല്‍കിയതെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

കോഴിക്കോട് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. ബുധനാഴ്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

വയനാട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) ബുധനാഴ്ച അവധിയായിരിക്കും.

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. ട്യൂഷന്‍ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Loading...