കൊല്ലം: ഗിരിതയെ തെളിവെടുപ്പിനായി പൊലീസ് വെണ്ടാർ ആമ്പാടിയിൽ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാരും ബന്ധുക്കളുമടക്കം നിരവധിപേരാണ് സ്ഥലത്ത് തടിച്ച് കൂടിയത് . പൊലീസ് വലയത്തിനുള്ളിൽ നിൽക്കുന്ന ഗിരിതയുടെ മുഖത്തേക്ക് നോക്കി അവർ ഉറക്കെ അസഭ്യം പറഞ്ഞു. എന്നിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലായിരുന്നു.കൊലചെയ്യാൻ ഉപയോഗിച്ച മുതൽ കല്ലെടുത്തത് മുതൽ കൊലപാതകം വരെയുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ ഗിരിത വിവരിക്കുകയായിരുന്നു .

പൊലീസ് ഡയറിക്കുറിപ്പ്

2012 മേയ് 5നായിരുന്നു വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽകുമാറുമായുള്ള വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അമ്മായിഅമ്മ രമണിഅമ്മയുമായി (66) സ്വരച്ചേർച്ചയില്ലാതായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽകുമാറിന് കേബിൾ ടി.വിയുമായി ബന്ധപ്പെട്ട ജോലിയുമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും ഏറെ വൈകിയാണ് ബിമൽ വീട്ടിൽ എത്തിയിരുന്നത്. അപ്പോഴൊക്കെ രമണിഅമ്മയും ഗിരിതയും തമ്മിൽ വഴക്കായിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഓടിയെത്താറുള്ള അയൽക്കാരനായ യുവാവുമായി ഗിരിത അടുപ്പത്തിലായത് പെട്ടെന്നാണ്. ആ അടുപ്പം വളർന്നു. ഇത് രമണിഅമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം വഷളായി. 2015ൽ വയനാട്ടിലേക്ക് ബിമൽകുമാറിനൊപ്പം ഗിരിത മക്കളുമൊന്നിച്ച് താമസം മാറി. മൂത്ത മകളെ നവോദയ വിദ്യാലയത്തിൽ ചേർത്തു. അവിടെ താമസിച്ചുവരുമ്പോൾ നാട്ടിൽ വീടുപണി തുടങ്ങി. ബിമൽകുമാർ ഇടയ്ക്ക് വീടുപണിക്ക് മേൽനോട്ടം വഹിക്കാൻ വരുമ്പോഴും ഗിരിതയെ കൊണ്ടുവന്നില്ല.

കുടുംബ വീടിനോട് ചേർന്ന് ഗിരിതയുടെ പേരിലുള്ള ഭൂമിയിൽ വീട് വയ്ക്കാനാണ് തീരുമാനിച്ചത്. അവിടെ വീട് വച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2019 മേയിൽ ബിമലിനൊപ്പം ഗിരിതയും മക്കളും നാട്ടിൽ തിരികെ എത്തിയപ്പോഴാണ് തന്റെ ഭൂമിയിലല്ല വീട് വച്ചതെന്ന സത്യം ഗിരിത മനസിലാക്കിയത്. കുടുംബ വീട് പൊളിച്ച ശേഷം അവിടെയാണ് പുതിയ വീട് നിർമ്മിച്ചത്. പാലുകാച്ച് ചടങ്ങ് നടന്ന അന്നുമുതൽ രമണിഅമ്മയുമായി വഴക്കായി. അപ്പോഴും മദ്ധ്യസ്ഥ വേഷത്തിൽ അയൽക്കാരനായ യുവാവെത്തി.

ഡിസംബർ 11ന് ഉച്ചയൂണിനുശേഷം മുറിയിൽ അർദ്ധ മയക്കത്തിലായിരുന്നു രമണിഅമ്മ. ഗിരിത കൊലപാതകത്തിനായി മനസ് പാകപ്പെടുത്തി. മുറ്റത്ത് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് തീരുമാനിച്ചത്. ഒൻപത് കിലോവരുന്ന കല്ല് എടുത്തു. ഗ്യാസ് സ്റ്റൗവിന് മുകളിൽ ഉണ്ടായിരുന്ന ബിഗ്ഷോപ്പറെടുത്ത് കല്ല് അതിനുള്ളിലാക്കി. വീശിയടിക്കാൻ അതാണ് നല്ലതെന്ന് തോന്നി. അടുക്കള വാതിൽ അടച്ച് കുറ്റിയിട്ടു. കല്ലിട്ട ബിഗ്ഷോപ്പറുമായി ഗിരിത മുറിയിലേക്ക് കടന്നുവരുമ്പോൾ കണ്ണ് പകുതി തുറന്ന് അർദ്ധ മയക്കത്തിലായിരുന്നു രമണിയമ്മ. കല്ലുകെട്ടിയ ബിഗ്ഷോപ്പർ കൊണ്ട് രമണിയമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റയടി.

അടിയേറ്റ് രമണിയമ്മ നിലവിളിയോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. മുറിയിലുള്ള മറ്റൊരു കട്ടിലിലേക്ക് കല്ലടങ്ങിയ ബിഗ്ഷോപ്പർ വച്ച ശേഷം രമണിയമ്മയെ കുത്തിപ്പിടിച്ചു കിടത്തി. വീണ്ടും കല്ലെടുത്ത് രണ്ടുതവണകൂടി അടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്ന പണിക്കാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഓടിയെത്തി കതക് ചവിട്ടിപ്പൊളിച്ചു. തലച്ചോർ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന രമണിഅമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുത്തൂർ പൊലീസ് പാഞ്ഞെത്തി ഗിരിതയെ അറസ്റ്റ് ചെയ്തു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രമണിഅമ്മ മരിച്ചത്. കൊലപാതകത്തിൽ അയൽവാസിയായ കാമുകന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കാമുകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

Loading...