തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നാളെ റാന്‍ഡം കോവിഡ് പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം പൊതുജനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. 

സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുത്തുള്ള സാമ്പിള്‍ പരിശോധന സംസ്ഥാനത്ത് രണ്ടാം തവണയാണ് നടത്തുന്നത്. കോവിഡ് ലക്ഷണമോ, രോഗിയുമായി സമ്പര്‍ക്കമോ ഇല്ലാത്തവര്‍, സമീപകാലത്ത് വിദേശയാത്രാ ചരിത്രമില്ലാത്തവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുക. 

ഇവ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും. രണ്ടുദിവസത്തിനകം ഫലമറിയാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടാം ഓഗ്മെന്റഡ് പരിശോധന കേരളത്തിന് നിര്‍ണായകമാണ്. നേരത്തെ ഏപ്രില്‍ 26നാണ് സംസ്ഥാനത്ത് സമാന പരിശോധന നടന്നത്. അന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നാലുപേര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. 

Loading...