കഴക്കൂട്ടം: കഠിനംകുളത്തെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. സോജൻ (24), അഭിലാഷ് (25), ടോമി (23), നിരഞ്ചൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.പ്രതികളെല്ലാവരും കഠിനംകുളം മര്യനാട് സ്വദേശികളാണ് . ഇവർ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈ.എസ്‌.പി കെ.എ. വിദ്യാധരൻ പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

കഴിഞ്ഞ മാസം 30ന് ആയിരുന്നു സംഭവം. വിദ്യാർത്ഥിനി സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സ്കൂളിലെയും പരിസരങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഉച്ചയോടെ സ്കൂളിന്റെ പ്രധാന കവാടം വഴി പെൺകുട്ടി പുറത്ത് പോയതായി പൊലീസ് കണ്ടെത്തി. എന്നാൽ മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ല. പിറ്റേന്ന് തുമ്പ സ്റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയാണ് പീഡനവിവരം പൊലീസിനോടു വെളിപ്പെടുത്തിയത്. സ്കൂളിൽ നിന്നു പുറത്തിറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ ബലമായി പിടിച്ച് കയറ്റി കൊണ്ടു പോയി പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.

Loading...