ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകനായുള്ള അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അടങ്ങിയ സെലക്ഷന്‍ സമിതിയാണ് ശാസ്ത്രി തുടരുമെന്ന് പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്നും കപില്‍ ദേവ് വ്യക്തമാക്കി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

തുടർച്ചയായി രണ്ട് ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ ടീം സെമിയിൽ തോറ്റതൊന്നും ആ വഴിയിൽ തടസ്സമായില്ല. ടോം മൂഡിയും മൈക്ക് ഹെസ്സനും ഉൾപ്പെടെയുള്ള അനുഭവ സമ്പന്നരായ മൽസരാർഥികളുടെ സാന്നിധ്യവും വെല്ലുവിളിയായില്ല. ആഴ്ചകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവച്ച് രവി ശാസ്ത്രി തന്നെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അധ്യക്ഷനായ ബിസിസിഐ ഉപദേശക സമിതിയുടേതാണ് തീരുമാനം. കപിൽ ദേവിനു പുറമെ വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ കൂടിയായ അൻഷുമാൻ ഗെയ്ക്ക‌വാദ് എന്നിവരാണ് സമിതിയംഗങ്ങൾ. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങൾക്കായുള്ള അഭിമുഖവും തിരഞ്ഞെടുപ്പും അടുത്തയാഴ്ച നടക്കും.

ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരിൽ ശാസ്ത്രി ഉൾപ്പെടെ അഞ്ചു പേരുമായി അഭിമുഖം നടത്തിയാണ് സമിതി ശാസ്ത്രിയിൽത്തന്നെ ഉറച്ചത്. പരിശീലക സ്ഥാനത്തേക്ക് ഏതാണ്ട് 2000 അപേക്ഷ ലഭിച്ചുവെന്നാണ് ബിസിസിഐ ഭാഷ്യം. ചുരുക്കപ്പട്ടികയിലെ അഞ്ചു പേരുമായി നടത്തിയ അഭിമുഖത്തിനു തൊട്ടുപിന്നാലെ വാർത്താ സമ്മേളനം നടത്തിയാണ് സമിതി തീരുമാനം പ്രഖ്യാപിച്ചത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന വെസ്റ്റിൻഡീസുകാരൻ ഫിൽ സിമ്മൺസ് അഭിമുഖത്തിനു തൊട്ടുമുൻപ് വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറിയിരുന്നു. രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും.

ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് റോബിൻ സിങ് എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. പരിശീലക കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ ഇവർ സമിതിക്കു മുമ്പാകെ അക്കമിട്ടു നിരത്തി.

വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രവി ശാസ്ത്രി, സ്കൈപ്പിലൂടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ടോം മൂഡിയും വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ റോബിൻ സിങ്, ലാൽചന്ദ് രജ്പുത്, മൈക്ക് ഹെസ്സൻ എന്നിവർ മുംബൈയിലെത്തി നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്തു. നിലവിലെ പരിശീലകനെന്ന നിലയിൽ ടീമംഗങ്ങളുമായുള്ള പരിചയവും ടീം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അറിവും ശാസ്ത്രിക്ക് അനുകൂല ഘടകമായെന്ന് സമിതിയംഗം അൻഷുമാൻ ഗെയ്‌ക്ക്‌വാദ് പറഞ്ഞു.

പരിശീലന തത്വശാസ്ത്രം, അനുഭവ സമ്പത്ത്, നേട്ടങ്ങൾ, ആശയവിനിമയത്തിനുള്ള കഴിവ്, ഏറ്റവും പുതിയ പരിശീലനോപാധികളിലുള്ള പരിചയം തുടങ്ങിയ മാനദണ്ഡങ്ങൾവച്ച് നൂറിലാണ് ഓരോർത്തർക്കും മാർക്കിട്ടത്. അഭിമുഖത്തിൽ ശാസ്ത്രി ഒന്നാമതെത്തിയപ്പോൾ മൈക്ക് ഹെസ്സൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമായി.

ലോകകപ്പോടെ കാലാവധി കഴിഞ്ഞ ശാസ്ത്രിക്കും സംഘത്തിനും പുതിയ പരിശീലകരെ കണ്ടെത്തുന്നതിന് 45 ദിവസത്തേക്ക് കാലാവധി നീട്ടിനൽകിയിരുന്നു. ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്തു തുടരുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ പരസ്യ പിന്തുണ ശാസ്ത്രിക്കു ലഭിക്കുകയും ചെയ്തു. വെസ്റ്റിൻഡീസ് പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലും ശാസ്ത്രി തുടരന്നതിലുള്ള താൽപര്യം കോലി തുറന്നുപറഞ്ഞിരുന്നു.

രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം കുറേ വർഷങ്ങളായി കേട്ടുപഴകിയ പേരാണ് രവി ശാസ്ത്രിയുടേത്. 2014–2016 കാലഘട്ടത്തിൽ ഇന്ത്യൻ ടീം ഡയറക്ടറായാണ് ശാസ്ത്രി സീനിയർ ടീമിനൊപ്പം ചേർന്നത്. 2017 ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ അനിൽ കുംബ്ലെയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം.

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ചത് ഈ വർഷം രവി ശാസ്ത്രിക്കു കീഴിലാണ്. അതിനു മുൻപ് 2018ൽ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര തോറ്റു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ആദ്യമായി ദ്വിരാഷ്ട്ര ഏകദിന പരമ്പര ജയിച്ചതും ശാസ്ത്രിക്കു കീഴിൽത്തന്നെ. എങ്കിലും ലോകകപ്പ് ജേതാക്കളാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ ടീം സെമിയിൽ തോറ്റത് തിരിച്ചടിയായി. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ ശേഷമായിരുന്നു സെമിയിലെ തോൽവിയും പുറത്താകലും.

2017 ജൂലൈ മുതൽ ശാസ്ത്രിക്കു കീഴിൽ ഇന്ത്യ 21 ടെസ്റ്റുകൾ കളിച്ചു. ഇതിൽ 13 എണ്ണം വിജയിച്ചു. വിജയശതമാനം 52.38. ട്വന്റി20യിൽ 36 മൽസരങ്ങൾ കളിച്ചതിൽ 25 എണ്ണം ജയിച്ചു. വിജയ ശതമാനം 69.44. ഏകദിനത്തിൽ 60 മൽസരങ്ങൾ കളിച്ചപ്പോൾ 43 എണ്ണം ജയിച്ചു. വിജയശതമാനം 71.67.

Loading...