മുംബൈ• സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് ഭീഷണി സന്ദേശം. സംഭവത്തിൽ നാഗ്പൂർ സ്വദേശിയായ 37–കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ആർബിഐ ഗവർണർ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെടുന്ന ഇ മെയിൽ സന്ദേശം ഊർജിത് പട്ടേലിന് ലഭിച്ചത്.

അല്ലാത്തപക്ഷം പട്ടേലിനെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു. തനിക്ക് ലഭിച്ച ഭീഷണി സന്ദേശം ഊർജിത് പട്ടേൽ ആർബിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് അയച്ചുകൊടുത്തിരുന്നു. ഇദ്ദേഹം സംഭവം സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസിൽ പരാതി റജിസ്റ്റർ ചെയ്യുകയും ചെയ്തു. നാഗ്പുരിലെ ഒരു സൈബർ കഫേയിൽനിന്നാണ് മെയിൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് നാഗ്പുരിലെത്തിയ മുംബൈ പൊലീസ് സംഘം ഭീഷണി സന്ദേശം അയച്ചുവെന്ന് കരുതുന്ന വൈഭവ് ബദ്ദാൽവാർ എന്നയാളെ അറസ്റ്റ് ചെയ്തു. സന്ദേശം അയച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വൈഭവിനെ മാർച്ച് ആറുവരെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു. ഇയാൾ ഇത്തരമൊരു സന്ദേശം അയയ്ക്കാനുള്ള പ്രകോപനം വ്യക്തമല്ല.

Loading...