സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ചാണ് നടപടി. വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കൂടാതെ, ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ് ക്വോട്ടാ രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനിച്ചതായി രവീഷ് കുമാർ അറിയിച്ചു.

നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയ ശേഷം സംയുക്തപ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര സൗരോർജ സഖ്യത്തിൽ പങ്കാളികളാകാൻ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്‍ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശിയുമായുള്ള ചർച്ചയിൽ ഭീകരവാദവും അതിനു പാക്കിസ്ഥാൻ നൽകുന്ന പിന്തുണയും ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള ബന്ധം നമ്മുടെ ഡിഎൻഎയിൽ ഉള്ളതായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി നേരത്തേ വ്യക്തമാക്കിയിരുന്നു.

Loading...