സ്വന്തം നാട്ടില്‍ നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറിനിക്കേണ്ടി വരുന്ന ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് വാടകവീടുകളെയാണ്. കുറഞ്ഞവാടകയില്‍ നല്ലൊരു വീടോ ഫ്‌ളാറ്റോ കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ കിട്ടിയാല്‍ ഭാഗ്യം. വീട് കിട്ടിക്കഴിഞ്ഞാല്‍ ടെന്‍ഷന്‍ കഴിഞ്ഞുവെന്ന് വിചാരിക്കരുത്. റെന്റല്‍ എഗ്രിമെന്റന്ന വലിയ ജോലിയും കൂടെ തീര്‍ത്തുവെച്ചാല്‍ നല്ലത്. എഗ്രിമെന്റ് എഴുതുന്ന സമയത്ത് വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇത്തരത്തിൽ എഗ്രിമെന്റ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീട് വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ആ വീടിനെ കുറിച്ച് വിശദമായ് അറിഞ്ഞിരിക്കണം. ഇതിനായി ഐഡി പ്രൂഫ്, പാൻ കാർഡ് എന്നിവ നിർബന്ധമായും നൽകുക.

എഗ്രിമെന്റ് എഴുതുമ്പോൾ സ്റ്റാമ്പ് പേപ്പർ നിർബന്ധമാണ്. മുദ്രപത്രത്തിൽ ഇരുപാർട്ടിക്കാരും ഒപ്പിടണം. സാധാരണ കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളാണ് റെന്റല്‍ എഗ്രിമെന്റിനായുള്ള സ്റ്റാംപ് പേപ്പര്‍ വാങ്ങേണ്ടത്. എഗ്രിമെന്റിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും അയാള്‍ തന്നെയാണ്. എന്നാല്‍ ഒറിജിനല്‍ ഉടമസ്ഥന് സൂക്ഷിയ്ക്കണമെന്ന ആവശ്യം വന്നാല്‍ രണ്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങുക. പക്ഷേ, അപ്പോഴും സ്റ്റാംപ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക

സാധാരണയായി 6 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ അക്കൗണ്ട് ട്രാന്‍സ്ഫറായോ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം. വാടകക്കാരൻ ഒഴിയുമ്പോൾ തന്നെ അഡ്വാൻസ് ആയി നൽകിയ തുക തിരിച്ച് നൽകണം. ഇക്കാര്യം കൃത്യമായി എഗ്രിമെന്റിൽ എഴുതിയിരിക്കണം.

റെന്റല്‍ എഗ്രിമെന്റില്‍ നോട്ടീസ് പിരിയഡ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. രണ്ടു കൂട്ടരും ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. 11 മാസമാണ് ഒരു എഗ്രിമെന്റിന്റെ കാലാവധി. വാടക പണമായിട്ടാണ് നൽകുന്നതെങ്കിൽ അതിന്റെ രശീതി നിർബന്ധമായും വാങ്ങണം, ഇക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങരുത്.

വീട്ടിനുള്ളില്‍ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി എഗ്രിമെന്റിന്റെ ഭാഗമായി ചേര്‍ക്കേണ്ടതാണ്. വാടക്കാരന്‍ എഗ്രിമെന്റില്‍ പറയുന്ന സംഗതികള്‍ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

Loading...