മനുഷ്യന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഒന്നാണ് അന്യഗ്രഹ ജീവികളും യുഎഫ്ഒയുമെല്ലാം. പലരും ഇത് സംബന്ധിച്ച് തെളിവുകള്‍ നിരത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇതിന് യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും അന്യഗ്രഹ ജീവികള്‍ ഉണ്ട് അവ നമ്മെ നിരീക്ഷിക്കുന്നുണ്ട് എന്നൊക്കെ വിശ്വസിക്കുന്നവരും നിരവധിയാണ്. ഇവരുടെ വിശ്വാസത്തിന് ആക്കം കൂട്ടുന്ന നിരവധി വാര്‍ത്തകളും നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

നേരത്തേയും നിരവധി തവണ റേഡിയോ സിഗ്‌നലുകള്‍ ഭൂമിയിലെത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണെന്നത് വ്യക്തമായിരുന്നില്ല. അത് ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്‌നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും സിഗ്‌നലുകള്‍ ആവര്‍ത്തിച്ച് ഭൂമിയിലെത്തിയിട്ടുണ്ടെന്നും, അറുപത് തരംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെമി ടീമിലെ ഇന്ത്യന്‍ വംശജനായ ശ്രീഹര്‍ഷ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

പഴയ തരത്തിലുള്ള ദൂരദര്‍ശിനികള്‍ക്ക് ഒരേ ദിശയിലേക്ക് മാത്രമേ നിരീക്ഷിക്കാന്‍ കഴിയുകയുള്ളു. ദീര്‍ഘ വൃത്താകൃതിയുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ച് ദിവസവും രാത്രി മൂന്ന് ഡിഗ്രി വീതം മാറ്റി നിരീക്ഷിണം നടത്തിയിരുന്നു. ഒടുവില്‍ ആഴ്ചയില്‍ നൂറിലധികം സിഗ്‌നലുകള്‍ ലഭിച്ചതായാണ് ഇവര്‍ പറയുന്നത്. ഇതൊരു തുറന്ന വാതിലാണെന്നായിരുന്നു കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഷാമി ചാറ്റര്‍ജി പറഞ്ഞത്.

2007ലായിരുന്നു ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ലഭിച്ചത്. എന്നാല്‍ ഇത് ടെലസ്‌കോപ്പുകളുടെ സിഗ്‌നലുകള്‍ കൂടിച്ചേര്‍ന്നതാകാം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. എന്നാല്‍ വളരെ വിശാലമായ ദൂരത്ത് നിന്നായിരുന്നു സിഗ്‌നലുകള്‍ എത്തിയത്. മില്ലി സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിഗ്‌നലുകളാണ് ലഭിച്ചിരുന്നതെങ്കിലും ഇവയ്ക്ക് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുന്ന ഊര്‍ജ്ജത്തിന്റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ആവര്‍ത്തിച്ചുള്ള സിഗ്‌നലുകള്‍ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവിലുണ്ട്.സ്പഷ്ടമായ സമയവും തരംഗദൈര്‍ഘ്യവും ഉള്ള സിഗ്‌നലുകള്‍ക്ക് കൃത്യമായ ഘടനയുണ്ടെന്ന് ശാസ്ത്രജ്ഞനായ ചെറി എന്‍ജി പറഞ്ഞു. ഒരുപക്ഷേ ഇതായിരിക്കാം ഭാവി തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ലഭിക്കുന്ന അപൂര്‍വ്വ സിഗ്നലുകളും അവയ്ക്ക് പിന്നിലെ കാരണവുമെന്താണെന്ന് താമസിയാതെ തന്നെ കണ്ടെത്താനായേക്കും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

Loading...