ഇന്ത്യയുടെ ഭാവി ആർ എസ് എസ് വീക്ഷണത്തിൽ എന്ന പരിപാടിയിലേയ്ക്ക് രാഹുൽ ഗാന്ധിയ്ക്കുള്ള ആർഎസ്എസ് ക്ഷണം നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുള്ള പരോക്ഷ മുന്നറിയിപ്പാണ്. ആർഎസ്എസ് ക്ഷണം രാഹുൽ ഗാന്ധി സ്വീകരിക്കുമോ? 2014ൽ ബിജെപിക്ക് വിജയിക്കാനുള്ള അടിത്തറ ഇട്ടുനൽകിയ ആർഎസ്എസ്, 2019 തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? മോദിക്ക് അനുകൂലമായിരിക്കുമോ സംഘ് നിലപാട്? അഞ്ജലി ആന്റണി മലയാളം ന്യൂസ്പ്രസ്സിൽ എഴുതുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുഖര്‍ജിയെ നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് യോഗത്തിലേക്ക് ക്ഷണിച്ചത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കി. പ്രണാബ് മുഖര്‍ജിയെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ക്ഷണിച്ചത് വിവാദങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല, മറിച്ച് സംഘ് വീക്ഷണകോണ്‍ വ്യക്തമാക്കാനായിരുന്നു. പക്ഷെ, ചര്‍ച്ചകളില്‍ നിറഞ്ഞത് വിവാദങ്ങള്‍ മാത്രമായിരുന്നു.

എന്താണ് ആര്‍എസ്എസ് വീക്ഷണം

ആര്‍എസ്എസ് അവരെ തന്നെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു സാമൂഹിക സംഘടന (സോഷ്യല്‍ ഓര്‍ഗനൈസേഷന്‍) എന്ന നിലയ്ക്കാണ്. ഇന്ത്യയെ ഹൈന്ദവവത്ക്കരിക്കുക എന്നതാണ് അവരുടെ രാഷ്ട്രീയ ലക്ഷ്യമെങ്കിലും പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ ഹിന്ദുത്വ അജണ്ടകൊണ്ട് സാധിക്കില്ല. അതിനായിട്ടാണ് ബിജെപിയില്‍നിന്ന് സ്വയം അകലം പാലിച്ച് സാമൂഹിക സംഘടന എന്ന നിലയ്ക്ക് സ്വയം പ്രതിഷ്ഠിക്കാന്‍ അവര്‍ ശ്രമിക്കുന്നത്.

ബിജെപി എന്നത് ആര്‍എസ്എസ് വളമിട്ട് വളര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും സംഘ് ആഗ്രഹിക്കുന്നത് നാനാ തുറകളിലുള്ള സൗഹൃദമാണ്. ഇന്ത്യയെ പിറന്ന മണ്ണായി അംഗീകരിക്കുന്ന ഏവരുമായും സൗഹൃദം എന്നതാണ് വിശാല അടിസ്ഥാനത്തിലുള്ള ആര്‍എസ്എസ് വീക്ഷണം. ആ അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും ആര്‍എസ്എസിനെ സംബന്ധിച്ച് ശത്രുക്കളല്ല, മറിച്ച് മറ്റൊരു രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്ന വ്യക്തികളാണ് നേതാക്കളാണ്. ആര്‍എസ്എസ് ഇതുവരെയും രാഹുല്‍ ഗാന്ധിയെയോ സീതാറാം യെച്ചൂരിയെയോ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ക്ഷണം ഉണ്ടായാല്‍ തന്നെയും അവര്‍ അത് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

ആര്‍എസ്എസ് ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിക്കരുത് എന്നാണ് ബിജെപി നേതാക്കള്‍ രാഷ്ട്രീയപരമായി ആഗ്രഹിക്കുന്നത്. പൊളിറ്റിക്ക്‌സ് ഓഫ് ഇന്‍ക്ലൂസീവ്‌നെസ് അല്ലെങ്കില്‍ എല്ലാത്തെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നോട്ടു വെയ്ക്കുന്നത്. ആര്‍എസ്എസ് ക്ഷണം നിരസിക്കുന്നതോടെ രാഹുല്‍ മുന്നോട്ടുവെച്ച രാഷ്ട്രീയ കാഴ്ച്ചപ്പാട് കാപട്യമാണെന്ന് ബിജെപിക്ക് വിമര്‍ശിക്കാം. ദേശീയ രാഷ്ട്രീയത്തില്‍ യെച്ചൂരി അപ്രസക്തനായതിനാല്‍ അദ്ദേഹം വന്നാലും പോയാലും ബിജെപിയ്ക്ക് അത് പ്രശ്‌നമല്ല. സോണിയാ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷമാണ് ആര്‍എസ്എസിന് ആ പാര്‍ട്ടിയുടെ നേതൃത്വവുമായി യാതൊരു ബന്ധവും ഇല്ലാതായത്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ കാലത്ത് ആര്‍എസ്എസ് തലവന്മാര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എബി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും മോഹന്‍ ഭാഗവതും നേര്‍ക്ക് നേര്‍ക്ക് വന്നെങ്കിലും പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ നിന്നില്ല. പരസ്പരം ബന്ധമില്ല എന്നതാണ് കാരണം. എന്നാല്‍, മന്‍മോഹന്‍ സിങുമായി മോഹന്‍ ഭാഗവത് സംസാരിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ബന്ധം സ്ഥാപിക്കുക വഴി ആര്‍എസ്എസിന് മേല്‍ കിടക്കുന്ന ഹിന്ദുത്വ തീവ്രവാദികള്‍ എന്ന നിഴല്‍ മായ്ക്കാമെന്ന് മോഹന്‍ഭാഗവത് കരുതുന്നു.

2019ല്‍ ആര്‍എസ്എസ് ആര്‍ക്കൊപ്പം?

രാഹുല്‍ ഗാന്ധിയെയും സീതാറാം യെച്ചൂരിയെയും ഡല്‍ഹിയില്‍ നടക്കുന്ന ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ലഭിക്കുന്ന സന്ദേശം, അവരെ സംബന്ധിച്ച് ഭയക്കേണ്ടതാണ്. കാരണം, ബിജെപിയോട് മാത്രമല്ല സംഘിന് കോണ്‍ഗ്രസിനോടും കമ്മ്യൂണിസ്റ്റുകാരോടും സൗഹൃദമുണ്ട് എന്ന സന്ദേശം ബിജെപിക്ക് ഇലക്ട്രറല്‍ പൊളിറ്റിക്ക്‌സില്‍ ക്ഷീണം ചെയ്യും. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗവത് 2019 തിരഞ്ഞെടുപ്പ് സംബന്ധിച്ച് തന്റെ നയം വ്യക്തമാക്കി കഴിഞ്ഞതാണ്, പരസ്യമായല്ല രഹസ്യമായി. 2014ല്‍ അകമഴിഞ്ഞ് പ്രവര്‍ത്തിച്ചത് പോലെ സംഘിന്റെ പിന്തുണ ബിജെപിക്ക് ഉണ്ടാകില്ല. പ്രാദേശിക തലത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ സംഘ് അതിനെ എതിര്‍ക്കുകയുമില്ല. പക്ഷെ സംഘ് നേതൃത്വത്തില്‍നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കു എന്ന ആഹ്വാനം ഉണ്ടാകില്ല. ഈ സാഹചര്യം നരേന്ദ്ര മോദിയും അമിത് ഷായും ഭയക്കണം. കാരണം, ബിജെപിയുടെ അടിത്തറ സംഘപരിവാറാണ്. അതേ പരിവാരത്തിന്റെ മാതൃസംഘടന ആര്‍എസ്എസ് പറയുന്നു, ബിജെപി തിരഞ്ഞെടുപ്പില്‍ സ്വയംപര്യാപ്തത നേടണം ആര്‍എസ്എസ് സഹായിക്കില്ലാ എന്ന്. അതിന് ആര്‍എസ്എസിന് അവരുടേതായ കാരണമുണ്ട്. 2014ല്‍ ബിജെപിക്ക് വിജയിക്കാനുള്ള അടിത്തറ ആര്‍എസ്എസ് ഇട്ടുനല്‍കിയിരുന്നു, ആ അടിത്തറ നിലനിര്‍ത്തേണ്ടതും വിപുലപ്പെടുത്തേണ്ടതും പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്.

2019 തിരഞ്ഞെടുപ്പില്‍ മോദിക്ക് അനുകൂലമായിരിക്കില്ല സംഘ് നിലപാട് എന്നതിന് രണ്ട് പ്രത്യക്ഷ സൂചനകള്‍ പുറത്ത് വന്ന് കഴിഞ്ഞു. അതിലൊന്ന് ഭയ്യാ ജോഷിയെ ആര്‍എസ്എസ് സര്‍കാര്യവാഹക് (ജനറല്‍ സെക്രട്ടറി) ആയി തുടരാന്‍ അനുവദിച്ചതാണ്. ആര്‍എസ്എസിന്റെ ഉന്നതതല തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭ കൂടിയിട്ടാണ് ഭയ്യാ ജോഷി തല്‍സ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനിച്ചത്. ഇത് നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഭയ്യാ ജോഷിയെ മാറ്റി അവിടെ മോദിയുടെ വിശ്വസ്തനും സുഹൃത്തുമായ ദത്തേത്രയ ഹൊസബല്ലയെ നിയമിച്ചേക്കും എന്നായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. ദത്തേത്രയ ആര്‍എസ്എസിന്റെ സെക്കന്‍ഡ് ഇന്‍ കമാന്റന്‍ഡ് ആയിരുന്നെങ്കില്‍ ഒരുപക്ഷെ തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ ആര്‍എസ്എസിന്റെ പങ്കാളിത്തം കൂടുതല്‍ സജീവമായി ഉറപ്പാക്കാന്‍ മോദിക്ക് കഴിയുമായിരുന്നു. ഇത് മുന്നില്‍ കണ്ട് തന്നെ ആകണം മോഹന്‍ ഭാഗവത് ഒരു മുഴം നീട്ടി എറിഞ്ഞത്. ഇനി 2019 പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമെ എബിപിഎസ് യോഗം ചേരു. ആര്‍എസ്എസില്‍ സര്‍സംഘ് ചാലക് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് സര്‍കാര്യവാഹക്.

അമിത് ഷായും നരേന്ദ്ര മോദിയും തരംകിട്ടുമ്പോഴൊക്കെ പറയുന്ന സ്ലോഗനാണ് കോണ്‍ഗ്രസ് മുക്ത് ഭാരത് എന്നത്. ഈ മുദ്രാവാക്യത്തെ മോഹന്‍ ഭാഗവത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്യമായി തള്ളിക്കളഞ്ഞത്. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് സംഘ് നിഘണ്ടുവില്‍ അങ്ങനെയൊരു പദമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കണമെന്നത് ആര്‍എസ്എസ് നയമല്ല. രാജ്യനിര്‍മ്മിതിക്ക് എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത് എന്നാണ് സംഘ് നയം എന്നിങ്ങനെ ആയിരുന്നു അദ്ദേഹം പ്രസംഗിച്ചത്.

മോദി – മോഹന്‍ഭാഗവത് ബന്ധം

സംഘ് ചരിത്രത്തിലെ ഏറ്റവും ശക്തമായ സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഏറ്റവും ശക്തനായ ക്രൗഡ് പുള്ളര്‍ നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ആര്‍എസ്എസ് ലൈനില്‍ തന്നെയാണ്. സംഘ്പ്രവര്‍ത്തകനായി തന്നെയാണ് നരേന്ദ്ര മോദി വളര്‍ന്ന് വന്നത്. മോദിയെ ആര്‍എസ്എസ് ആശയങ്ങള്‍ ഓതിക്കൊടുത്ത് വഴിനടത്തിയത് മോഹന്‍ഭാഗവതിന്റെ പിതാവാണ്. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ നല്ല ബന്ധമാണ്, പരസ്പര ബഹുമാനമാണ്. എന്നാല്‍, മോദി ഭരണത്തില്‍ ആര്‍എസ്എസിന് പൂര്‍ണ തൃപ്തി ഇല്ല. മോദിയുടെ പ്രവര്‍ത്തികളെല്ലാം വണ്‍ മാന്‍ ഷോയാണ്. ഇത് ആര്‍എസ്എസ് വീക്ഷണത്തില്‍ ശരിയായ നടപടിയല്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. പക്ഷെ, മോദിക്കാലത്ത് എല്ലാം മോദി സെന്‍ട്രിക്കാണ്. മോദി എന്നത് പരമോന്നത നേതാവ് എന്ന തലത്തിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്, പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. എന്നാല്‍, മോദിയെ വളര്‍ത്തിയത് ആര്‍എസ്എസ് ആണ് എന്ന ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതിനാണ് പ്രണാബ് മുഖര്‍ജി, രാഹുല്‍ ഗാന്ധി പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ക്ഷണം.

ജിഎസ്ടി നടപ്പാക്കിയപ്പോഴും നോട്ടുനിരോധനം നടപ്പാക്കിയപ്പോഴുമൊക്കെ ആര്‍എസ്എസ് അവരുടെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയ ശേഷം സ്‌മോള്‍ ആന്‍ഡ് മീഡിയം സ്‌കെയില്‍ ബിസിനസുകള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ ഇളവുകള്‍ അനുവദിച്ചത് ആര്‍എസ്എസ് കടുംപിടുത്തത്തെ തുടര്‍ന്നായിരുന്നു. ബിഎംഎസ് പോലെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും നരേന്ദ്ര മോദിയുടെ തൊഴിലാളി വിരുദ്ധ നടപടികളെ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം തന്നെ ആര്‍എസ്എസ് പരിഗണിക്കുന്നുമുണ്ട്. അതോടൊപ്പം തന്നെ പെട്രോള്‍ വില വര്‍ദ്ധനവ്, നോട്ടുനിരോധനം, അതിന്റെ പരാജയത്തെക്കുറിച്ച് ഉയരുന്ന ചര്‍ച്ചകള്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ശോച്യാവസ്ഥ, അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് എന്നിവയെല്ലാം ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്ന അസ്വസ്ഥതകള്‍ എല്ലാം തന്നെ ആര്‍എസ്എസിന് ബോധ്യമുണ്ട്. ഈ സാഹചര്യമെല്ലാം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ മഹാസഖ്യത്തോട് ബിജെപിക്ക് ഒറ്റയ്ക്ക് നേരിട്ട് വിജയിക്കാന്‍ സാധിക്കുമോ എന്നത് കാത്തിരുന്നത് കാണാം.

Reported by: അഞ്ജലി ആന്റണി

Loading...