
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡീസല്‍ വില സര്‍വ്വകാല റോക്കോര്ഡിലെത്തി. അതേസമയം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ്. അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത്. ഇന്ന് 71 ആയി ഇടിഞ്ഞു. ഇറക്കുമതി ആശ്രയിച്ചു നില്ക്കുന്ന കമ്പനികള്‍ക്ക് ഈ ഇടിവ് വന്‍ പ്രഹരമാകുകയാണ്. എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് നിയന്ത്രിക്കാനും സര്‍ക്കാര്‍ ഇടപെടലില്ല. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസലിനും പെട്രോളിനും വില കൂടി. ഡീസലിന് പല നഗരങ്ങളിലും റെക്കോര്‍ഡ് വിലയാണ്
അതേസമയം നോട്ട് അസാധുവാക്കല്‍ പരാജയമായിരുന്നു എന്ന വിമര്‍ശനം മറികടക്കാനുള്ള കണക്കുകള്‍ കേന്ദ്രം പുറത്തു വിട്ടു. ആദായനികുതി റിട്ടേണുകളുടെ എണ്ണത്തില്‍ 60 ശതമാനമാണ് വര്‍ദ്ധന. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 3.10 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചതെങ്കില്‍ ഇത്തവണ അത് അഞ്ച് കോടിയായി ഉയര്‍ന്നു. കൂടുതല്‍ ആദായ നികുതിദായകരെ സൃഷ്ടിക്കാന്‍ നോട്ട് അസാധുവാക്കലിനും, ജിഎസ്ടിക്കും കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ അവകാശ വാദം.