ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം

യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തില്‍ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ നല്‍കിയത്.

അതെസമയം, സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...