ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രധാന ഏഴ് ചോദ്യങ്ങള്‍ ഇവയാണ്. ഈ ഏഴു വിഷയങ്ങളില്‍ വിശാല ബെഞ്ച് തീരുമാനമെടുക്കുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളും തീരുമാനമെടുക്കുന്നത് മറ്റിവയ്ക്കുകയാണ് ഇന്ന് സുപ്രീം കോടതി ചെയ്തയിരിക്കുന്നത്. വിശ്വാസം, മതം, ഭരണഘടന എന്നീ കാര്യങ്ങളിലാണ് ഏഴംഗ ബെഞ്ച് തീരുമാനമെടുക്കേണ്ടത്.

  • മതവിശ്വാസം ക്രമസമാധാനത്തിനും ധാര്‍മ്മികതയ്ക്കും വിധേയമാണോ? ധാര്‍മ്മികത, ഭരണഘടനാ ധാര്‍മ്മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ അതോ വിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ അതെന്ന് പരിശോധിക്കണം.

-മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 25,26 അനുഛേദങ്ങളും ലിംഗ സമത്വം ഉറപ്പാക്കുന്ന 14ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം.

-ഭരണഘടനയുടെ 25(1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മ്മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കുമെന്ന് പരിശോധിക്കണം.

-ഒരു മതത്തിലെ ആചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ മറ്റു മതസ്ഥര്‍ക്ക് കഴിയുമോ? ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ, അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?

  • അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ?

-ഹിന്ദു വിശ്വാസത്തിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്താണ്?

-എതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?

77 പേജുള്ള വിധിന്യായത്തില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള മൂന്നംഗങ്ങളുടെ ഭൂരിപക്ഷ വിധി 9 പേജുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നാണ് പ്രധാനമായി ഉന്നയിക്കുന്ന നിയമപരമായ സംശയങ്ങള്‍. ഈ സംശയങ്ങളില്‍ നിര്‍വചനം വന്നശേഷമായിരിക്കും യുവതി പ്രവേശനം അനുവദിച്ച 2018 സെപ്തംബര്‍ 28ലെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും തീരുമാനമുണ്ടാവൂ. അതേസമയം, യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്യാന്‍ ഭരണഘടനാ ബെഞ്ച് തയ്യാറായിട്ടുമില്ല.

Loading...