ഒരുനേരത്തെ അന്നത്തിനായി റെയില്‍വേ പ്ലാറ്റ്‌ഫോമിൽ പാട്ടുപാടി നടന്ന് പാട്ടിലൂടെ ലോകപ്രശസ്തയാവുകയും പിന്നീട് ബോളിവുഡിലെ പിന്നണിഗായികയായി മാറുകയും ചെയ്ത റാണു മരിയ മൊണ്ഡലിന് നടന്‍ സല്‍മാന്‍ ഖാന്‍ വീട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 55 ലക്ഷം വിലമതിക്കുന്ന വീടാണ് സല്‍മാന്‍ ഖാന്‍ സമ്മാനിക്കുന്നത്. ഇതിനു പുറമെ ഡബാങ് 3 എന്ന തന്റെ പുതിയ ചിത്രത്തില്‍ റാനുവിനെ കൊണ്ട് പാടിക്കാന്‍ സല്‍മാന്‍ ഖാന്‍ ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.എന്നാൽ വാര്‍ത്തകള്‍ നടന്‍ സ്ഥിരീകരിച്ചിട്ടില്ല.

റാണു പാടിയ ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.റാനു മരിയ മൊണ്ഡലിനെ പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ സിനിമയില്‍ പാടിച്ചതും വാര്‍ത്തയിലിടം നേടിയിരുന്നു. മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയില്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ക്കും നടുവില്‍ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു.

പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. ഹിമേഷ് രേഷമ്യയുടെ പുതിയ ബോളിവുഡ് ചിത്രമായ ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തിലെ തേരീ മേരി കഹാനി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. പ്രശസ്തയായതിനു പിന്നാലെ പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയ മകളും ഗായികയെ തേടി എത്തിയിരുന്നു. സതി റോയി എന്ന തന്റെ മകളെ റാണു സ്വീകരിക്കുകയും ചെയ്തു. വിവാഹബന്ധം വേര്‍പ്പെടുത്തിയ റാണു മകനൊപ്പം പലചരക്കുകട നടത്തിയാണ് ജീവിക്കുന്നത്.

Loading...