നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാറുമായുള്ള ഉന്തിനും തള്ളിനുമിടെ കാറിടിച്ച് കൊല്ലപ്പെട്ട സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഹരികുമാരാണ്. അപകടശേഷം സനല്‍ കുമാര്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു. ഇത് ചോരവാര്‍ന്ന് മരണത്തിനിടയാക്കി.

സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിച്ചതനുസരിച്ച് എസ്‌ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അപകട സ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.

എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടിമാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും എസ്‌ഐ പറഞ്ഞു. ഇതേ തുടര്‍ന്ന് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തു. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച്ചയാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി.

ഇതിനിടെ ഗുരുതര ആരോപണമുള്ള ഹരികുമാരടക്കമുള്ള രണ്ട് ഡിവൈ എസ്പിമാരെ മാറ്റണമെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് മുന്നു തവണയെന്ന് റിപ്പോര്‍ട്ട്. ഹരികുമാറിനെയും കൊല്ലത്ത് ക്രമസമാധാന ചുമതലയുള്ള ഒരു അസി.കമ്മീഷണറെയും മാറ്റണമെന്നായിരുന്നു ഐജിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ എത്താന്‍ വൈകി.

Loading...