ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവറിനെ പരിഹസിച്ച് സംഗീത ലക്ഷ്മണ രംഗത്തെത്തിയിരുന്നു. മൂന്ന്-നാല് ദിവസമായി ടോയിലെറ്റില്‍ പോകാത്ത ഒരാളുടെ ലുക്കുമായാണ് മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് സംഗീതയുടെ പരിഹാസം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സംഗീത ലാലിനെ പരിഹസിച്ചത്. ഇതേ തുടര്‍ന്ന് സംഗീതക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലാല്‍ ഫാന്‍സ് നടത്തുന്നത്. അതിനിടെയാണ് 2012ല്‍ മോഹന്‍ലാലുമായി സംഗീത നടത്തിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

‘മോഹന്‍ലാലിന് അഭിനയിക്കാന്‍ ആവശ്യത്തിന് സൗന്ദര്യമില്ല എന്ന് വിമര്‍ശിച്ച അവതരികയ്ക്ക് അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധിക്കുക.. എത്ര പക്വതയാര്‍ന്ന മറുപടി എന്ന് കാണൂ’..എന്ന് പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്.അഭിമുഖത്തില്‍ സംഗീത ചോദിക്കുന്നത് ഇങ്ങനെ, ”ഞാന്‍ തുറന്നു പറയുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ നിങ്ങള്‍ എന്തൊരു വിരൂപനായിരുന്നു. വില്ലന്‍ എന്ന നിലയില്‍ മനസില്‍ പതിയുന്ന കഥാപാത്രമായിരുന്നു അത്. ആര്‍ക്കും മറക്കാന്‍ കഴിയാത്ത കഥാപാത്രവും മുഖവുമായിരുന്നു അത്. അതൊക്കെ സത്യം. പക്ഷെ അവിടുന്ന് ഇങ്ങോട്ട്, ഇപ്പോള്‍ എന്റെ മുന്നിലിരിക്കുന്ന മോഹന്‍ലാല്‍. ഈ രൂപമാറ്റം എങ്ങനെയായിരുന്നു?”.

സൗന്ദര്യത്തെ കുറിച്ച് താന്‍ കോണ്‍ഷ്യസ് ആയിരുന്നില്ലെന്നും സൗന്ദര്യം എന്ന കാര്യം ഒരു അഭിനേതാവിന് സിനിമയില്‍ വേണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ മറുപടി പറഞ്ഞു തുടങ്ങി. ആ കോണ്‍സപ്റ്റ് ഒക്കെ മാറിയിരിക്കാമെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ മറുപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സംഗീത ഇടപെട്ടു. ലാലിന്റെ സൗന്ദര്യമോ യൗവനമോ പ്രേക്ഷകര്‍ക്ക് ലാലിനെ സ്വീകരിക്കാന്‍ ഒരു ഘടകമായിരുന്നില്ലായിരിക്കാമെന്ന് സംഗീത പറഞ്ഞു. ലാലിന് കൃത്യമായി മറുപടി പറയാന്‍ പോലും സമ്മതിക്കാതെ സംഗീത സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.ഇടയ്ക്ക് ലാല്‍ തന്റെ മറുപടി പൂര്‍ത്തിയാക്കി.  സൗന്ദര്യത്തേക്കാള്‍ ഉപരി ചെയ്ത റോളുകളായിരുന്നു ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് ലാല്‍ മറുപടി പറഞ്ഞു. തന്റെ ചില ചിത്രങ്ങളും ലാല്‍ അതിന് ഉദാഹരണമായി പറയുന്നുണ്ട്.എന്തായാലും ഒടിയന് വേണ്ടിയുള്ള പുതിയ രൂപമാറ്റത്തില്‍ ലാല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ സൗന്ദര്യത്തെ കുറിച്ച് ലാല്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ് ഈ വീഡിയോയിലൂടെ.

Loading...