ശശി തരൂരിന്റെ വിജയം ഉറപ്പാക്കാനും തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണം നിരീക്ഷിക്കാനും മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവിനെ നിരീക്ഷകനായി കോൺഗ്രസ് നിയോഗിച്ചു. നാഗ്പുർ ലോക്സഭാ മണ്ഡലത്തിൽ നിതിൻ ഗഡ്കരിക്കെതിരെ മൽസരിച്ച നാനാ പഠോളയെയാണ് തരൂരിന്റെ വിജയം ഉറപ്പാക്കാനുള്ള ചുമതല ഹൈക്കമാൻഡ് ഏൽപ്പിച്ചത്. തിരുവനന്തപുരത്തിനു പുറമെ കേരളത്തിൽ കോൺഗ്രസ് നിരീക്ഷനെ നിയോഗിച്ചിട്ടുള്ള ഏക മണ്ഡലം പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാടാണ്.

ശശി തരൂരിന്റെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് എ.കെ. ആന്റണി, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ എന്നിവർ ചർച്ച ചെയ്താണ് നിരീക്ഷകനായി നാഗ്പുരിൽ നിന്ന് നാന പഠോളെയെ എത്തിക്കുന്നത്.

മുൻപ് കോൺഗ്രസിലുണ്ടായിരുന്ന ഇദ്ദേഹം ബിജെപിയിലേക്കു പോകുകയും എംപിയായി മൽസരിച്ചു വിജയിക്കുകയും ചെയ്തിരുന്നു. എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഠോളെ അട്ടിമറിച്ചത്. പിന്നീട് മോദിയെ വിമർശിച്ച് അടുത്തിടെ കോൺഗ്രസിലേക്കു മടങ്ങിയെത്തി. നിതിൻ ഗഡ്ഗരിക്കെതിരെ നാഗ്പുരിൽ മൽസരിച്ച അദ്ദേഹം അവിടത്തെ പോളിങ് കഴിഞ്ഞ് ജനവിധി കാത്തിരിക്കെയാണ് തിരുവനന്തപുരത്തേക്കുള്ള നിയോഗം. പ്രചാരണപ്രവർത്തനങ്ങളും തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പങ്കാളിത്തവും നിരീക്ഷിച്ച് ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകും.

തിരുവനന്തപുരത്ത് യുഡിഎഫ് പ്രചാരണത്തിൽ കല്ലുകടിയുണ്ടെന്ന പ്രചാരണം തള്ളി ശശി തരൂരും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. മൂന്നാം വട്ടം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ ഏറ്റവും മികച്ച പ്രചാരണമാണു നടക്കുന്നതെന്നു തരൂർ പറഞ്ഞു. എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ പ്രചാരണ ജോലികളിൽ നിറഞ്ഞുനിൽക്കുന്നതു കാണുമ്പോൾ അഭിമാനവും ആഹ്ലാദവും തോന്നുന്നു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ഇതുവരെയുള്ള എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും താൻ പൂർണ സംതൃപ്തനാണെന്നു തരൂർ പറഞ്ഞു.

മുൻ മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഒരുപാട് കുപ്രചാരണം നടക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു. വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും 30 വർഷം മുമ്പെഴുതിയ നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും മറ്റുമാണു മറ്റു സ്ഥാനാർഥികളിൽ ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. അതോടൊപ്പമാണു യുഡിഎഫിലും കോൺഗ്രസിലും അസ്വാരസ്യമുണ്ടെന്ന പ്രചാരണം. അങ്ങനെയൊരു കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെടുകയോ, ആരുടെയങ്കിലും അടുത്തു പരാതിപ്പെടുകയോ ചെയ്തിട്ടില്ല. തുടക്കം മുതൽ മേൽക്കൈ നേടിയതുകൊണ്ടായിരിക്കാം ഇത്തരം പ്രചാരണം. കഴിഞ്ഞ രണ്ടു തവണ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണു പ്രതീക്ഷിക്കുന്നതെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്തു പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം കല്ലുവച്ച നുണയാണെന്നു യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായ തമ്പാനൂർ രവി പറഞ്ഞു. ഇത്തരം വാർത്തകൾ സിപിഎം– ബിജെപി കേന്ദ്രങ്ങളിൽ നിന്നു ഉത്ഭവിച്ചതാണ്. ശശി തരൂരിനെ ആദ്യം വ്യക്തിഹത്യ ചെയ്തു താറടിക്കാൻ ബിജെപിയും ഇടതുപക്ഷവും സംയുക്തമായി നീക്കം നടത്തി. ആ നീക്കം പാളിയതിനെ തുടർന്നു വ്യാജവാർത്തകൾ പ്രചരിപ്പിച്ചു യുഡിഎഫിൽ ആഭ്യന്തര കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. അന്ധമായ കോൺഗ്രസ് വിരോധം പുലർത്തുന്ന സിപിഎമ്മുകാർ, ബിജെപിയെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും തമ്പാനൂർ രവി ആരോപിച്ചു.

Loading...