സൗദിയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജകുമാരന്മാരും അതിസമ്പന്നരായ വ്യവസായികളും സർക്കാരിലെ ഉന്നതോദ്യോഗസ്ഥരും വിദേശ വ്യവസായികളും ഇങ്ങനെ തടവിലാക്കപ്പെട്ടവരിലുണ്ട്. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഇവർക്കുനേരെ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. പൊലീസ് പീഡനത്തിൽ കഴുത്തൊടിഞ്ഞ് ഒരു സൗദി സൈനിക മേധാവി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

നവംബർ ആദ്യമായിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ അഴിമതി വിരുദ്ധ നടപടികൾ. കിരീടാവകാശിയായി ചുമതലയേറ്റ മുഹമ്മദ്, തന്റെ എതിരാളികളെ കരുതിക്കൂട്ടി തടങ്കലിലാക്കുകായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. തടങ്കലിലാക്കിയ പലരെയും പിന്നീട് വമ്പൻ തുക നഷ്ടപരിഹാരം ഈടാക്കി വിട്ടയച്ചിരുന്നു. സൈന്യത്തിന്റെ നിരന്തര നീരീക്ഷണത്തിൽ 381 പേരോളം ഇപ്പോഴുമുണ്ട്. ഇവരിൽ ചിലരുടെ നീക്കങ്ങൾ അറിയുന്നതിന് പ്രത്യേക ചിപ്പ് ഘടിപ്പിച്ച ബ്രേസ്‌ലെറ്റുകൾ അണിയിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.റിറ്റ്‌സിൽ തടവിലാക്കപ്പെട്ടവരിൽ 17 പേർക്ക് ഇതിനകം ചികിത്സ തേടേണ്ടിവന്നതായാണ് റിപ്പോർട്ട്. ഇക്കൂട്ടത്തിൽ ക്രൂരമായ പീഡനത്തിനിരയായ സൈനിക മേധാവിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കഴുത്ത് ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നുവെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതെല്ലാം അസംബന്ധങ്ങളാണെന്ന് സർക്കാർ പ്രതികരിച്ചു. സൗദിയെ അപകീർ്ത്തി്‌പ്പെടുത്താൻ പടച്ചുവിടുന്ന അസത്യങ്ങളാണിവയെന്നാണ് സർക്കാരിന്റെ വാദം.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 107 ബില്യൺ ഡോളറാണ് സർക്കാർ ഖജനാവിലേക്ക് കണ്ടുകെട്ടിയതെന്ന് സൗദി അധികൃതർ പറയുന്നു. വസ്തുവകകളായും ഓഹരികളായും പണമായും നിക്ഷേപിച്ചിരുന്ന സ്വത്തുക്കളാണ് തടവിലാക്കപ്പെട്ടവർ മോചനദ്രവ്യമായി സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നത്. സൗദിയിലെ ഏറ്റവും ധനാഢ്യനായ രാജകുടുംബാംഗം അൽ വലീദ് ബിൻ തലാൽ രാജകുമാരൻ, മുൻ നാഷണൽ ഗാർഡ് തലവൻ മിത്തേബ് ബിൻ അബ്ദുള്ള രാജകുമാരൻ, നിർമ്മാണരംഗത്തെ അതികായനായിരുന്ന ബക്കർ ബിൻ ലാദൻ, മാധ്യമരംഗത്തെ പ്രമുഖനായ വലീദ് അൽ-ഇബ്രാഹിം തുടങ്ങിയവർ തടവിലാക്കപ്പെട്ടവരിൽപ്പെടുന്നു.

ഇതിൽ അൽ വലീദ് ബിൻ തലാൽ ഉൾപ്പെടെ ഏതാനും ചിലർ വമ്പൻ തുക നഷ്ടപരിഹാരം കെട്ടിവെച്ച് മോചിതരായിരുന്നു. മോചിപ്പിക്കപ്പെട്ടെങ്കിലും ഇവർക്ക് പഴയ ബിസിനസിൽ പൂർണസ്വാതന്ത്ര്യത്തോടെ ഇടപെടാൻ അനുവാദം കൊടുത്തിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരെ പാർപ്പിച്ചിരുന്നതെങ്കിലും, തടവറെയെക്കാൾ കഷ്ടമായ രീതിയിലാണ് ഇവരെ കൈകാര്യം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുൻ രാജാവ് അബ്ദുള്ളയുടെ ഏറ്റവുമടുത്ത അനുയായിയായ മേജർ ജനറൽ അലി അൽ ക്വഹ്ത്താനിയാണ് തടവിലിരിക്കെ മരിച്ചത്. ഇദ്ദേഹം കടുത്ത പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്നാണ് സൂചനകൾ. എന്നാൽ, അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, മൃതശരീരത്തിൽ മർദനമേറ്റതിന്റെ സൂചനകൾ വ്യക്തമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഒരു പത്രം റിപ്പോർട്ട് ചെയ്തു.

Loading...