സൗദി അറേബ്യയില്‍ പുരുഷന്‍ പുരുഷനെ വിവാഹം ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. സ്വവര്‍ഗ വിവാഹത്തിന് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. നിയമം ലംഘിച്ച് വിവാഹം നടന്നത് വീഡിയോ വൈറലായതോടെയാണ് അധികൃതര്‍ അറിയുന്നത്. സംഭവം നടന്ന സ്ഥലത്ത് ഉടന്‍ പോലീസ് എത്തി നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത മതനിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് അടുത്തിടെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന്റെ കാര്യത്തില്‍ സൗദിയില്‍ വിലക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോ പുറത്തായതും അധികാരികളെ ഞെട്ടിച്ചതും. സൗദിയിലെ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് രണ്ടു പുരുഷന്മാര്‍ വിവാഹിതരാകുന്ന രംഗമാണ് വീഡിയോയില്‍. ചുറ്റും കൂടി നില്‍ക്കുന്നവര്‍ പൂക്കള്‍ എറിയുന്നതും വീഡിയോയിലുണ്ട്. ഭക്ഷണം വിതരണം ചെയ്തു ആഘോഷം ഗംഭീരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇസ്ലാമിക വിശ്വാസ പ്രകാരം സ്വവര്‍ഗ വിവാഹം നിഷിദ്ധമാണ്. സൗദിയിലെ നിയമവും സ്വവര്‍ഗ വിവാഹം നിരോധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വിവാഹം നടന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രദേശത്ത് പോലീസ് റെയ്ഡ് നടത്തി. മക്ക നഗരത്തോട് ചേര്‍ന്ന അറദിയാത്ത് ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. വിവാഹത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അല്‍ അറബി വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി വാര്‍ത്താ വിതരണ മന്ത്രാലയമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചാട്ടവാര്‍ അടി മുതല്‍ വധശിക്ഷ വരെ സൗദിയില്‍ ലഭിക്കും.

ഭരണകൂടം കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ വീഡിയോ പുറത്തുവന്നത് പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. വീഡിയോയുടെ ആധികാരിക സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ തമാശയായി നടത്തിയ ചടങ്ങാണിതെന്ന് വീഡിയോ കണ്ടവര്‍ പ്രതികരിച്ചു. വിവാഹചടങ്ങുകള്‍ നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ചടങ്ങില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അല്‍ മര്‍സദ് വാര്‍ത്താ വെബ്‌സൈറ്റ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കി. എന്നാല്‍ അറസ്റ്റിലായവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് റിപ്പോര്‍ട്ടിലില്ല.സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് വിഷയത്തില്‍ നടക്കുന്നത്. ഭൂരിഭാഗം പേരും വിവാഹത്തിനെതിരേ രംഗത്തുവന്നു. എന്നാല്‍ ചിലര്‍ ഇത് തമാശയായി സംഘടിപ്പിച്ച പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടു.

മക്കയോട് ചേര്‍ന്ന സ്ഥലത്താണ് വിവാഹം നടന്നതെന്നും ചിലര്‍ പ്രതികരിച്ചു.സ്വവര്‍ഗ രതിയോട് താല്‍പ്പര്യമുള്ളവര്‍ രാജ്യത്ത് വര്‍ധിച്ചുവെന്നാണ് ട്വിറ്ററില്‍ ഒരാള്‍ അഭിപ്രായപ്പെട്ടതെന്ന് ന്യസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. 2013ന് ശേഷം സൗദിയില്‍ സ്വവര്‍ഗ രതി വര്‍ധിച്ചിട്ടുണ്ട്. വിദേശികളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

വീഡിയോ

Loading...