അമേരിക്ക- ഉത്തരകൊറിയ യുദ്ധഭീഷണിയ്ക്ക് ഇടയില്‍ ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വിതച്ച് സൗദി അറേബ്യയും ഇറാനും. ഇറാനെ ആക്രമിക്കുമെന്നു കഴിഞ്ഞ ദിവസം ആണ് സൗദി ഭീഷണി മുഴക്കിയത്. എന്നാല്‍ അങ്ങനെ വന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്നു ഇറാനും തിരിച്ചു പറഞ്ഞു. എന്നാല്‍ യുദ്ധഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ആശങ്കയില്‍ കഴിയുന്നത്‌ മലയാളികള്‍ ഉള്‍പെടുന്ന പ്രവാസിസമൂഹം ആണ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി, നിതാഖാത് തുടങ്ങിയവ മൂലം ഗള്‍ഫ്ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഒരു യുദ്ധം കൂടി താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് പ്രവാസികള്‍.

സുന്നി ശിയാ അടിത്തറയിലാണ് ഇരുരാജ്യങ്ങളുടെയും പ്രവര്‍ത്തനവും ഭീഷണി മുഴക്കലും. ഇറാന്‍ മുസ്ലിംലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഇറാനെ ആക്രമിക്കുമെന്നുമായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭീഷണി.അതിന് മറുപടിയാണ് കഴിഞ്ഞദിവസം ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ നല്‍കിയത്. സൗദി തങ്ങളെ ആക്രമിച്ചാല്‍ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകര്‍ത്തുകളയുമെന്നാണ് ദെഹ്ഗാന്‍ പറഞ്ഞത്.

വിശുദ്ധ നഗരങ്ങളായതു കൊണ്ടാണ് മക്കയും മദീനയും ആക്രമണത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി. പ്രകോപനപരമാണ് സൗദിയുടെ പ്രതികരണം. അതിന് ശക്തമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്കറിയാംഎന്നും ദെഹ്ഗാന്‍ പറഞ്ഞു.വ്യോമ സേനയുണ്ടെന്ന് കരുതിയാണ് സൗദി ഇത്ര വീമ്പിളക്കുന്നതെന്ന് യമനിലെ സ്ഥിതിഗതികള്‍ പരാമര്‍ശിച്ച് ദെഹ്ഗാന്‍ പറഞ്ഞു. യമനില്‍ സൗദി സൈന്യം ആ രാജ്യത്തെ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗക്കരാണ് ഹൂഥികള്‍.
സൗദി അറേബ്യയുടെ വ്യോമ സേനയാണ് ഹൂഥികളെ ആക്രമിക്കുന്നത്. ആ വ്യോമസേനയുടെ ബലത്തില്‍ എന്തും നടക്കുമെന്ന് കരുതേണ്ടെന്നും ഇറാന്‍ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഇറാനകത്തായിരിക്കും അതിന് മറുപടിയുണ്ടാകുക എന്നായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് പറഞ്ഞത്.

സൗദിയില്‍ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങള്‍ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരന്‍ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. ഇറാനെ നേരിട്ടോ അല്ലാതെയോ ആക്രമിക്കുമെന്ന സൂചനയായാണ് ഈ വാക്കുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട് ഓരോ വിഷയത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. സൗദിയുടെ സഖ്യകക്ഷിയായി അമേരിക്കയും ഇറാന്റെ സഹായിയായി റഷ്യയും തമ്പടിച്ചതോടെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ ചേരിതിരിവിന് കാരണമായി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രമഖ ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെ ഇരുരാജ്യങ്ങളും നടത്തിയ വാക് പോര് യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ടെഹ്‌റാനില്‍ ശക്തമായ റാലികളാണ് സൗദിക്കെതിരേ നടന്നത്. സൗദി എംബസി കൈയേറി പ്രക്ഷോഭകര്‍ തീയിട്ട സംഭവവമുണ്ടായി.പിന്നീട് ഇറാനുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. എംബസി ആക്രമിച്ചവര്‍ക്കെതിരേ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രസ്താവന ഇറക്കിയിരുന്നു. എങ്കിലും സൗദി ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. തൊട്ടുപിന്നാലെയാണ് സൗദി യമനില്‍ ഇടപെടല്‍ ശക്തമാക്കിയത്. കൂടെ സിറിയയിലും. ഇരുരാജ്യത്തും സൗദിയും ഇറാനും വിരുദ്ധ ചേരിയിലാണ്. ഇത്തരത്തില്‍ സംഘര്‍ഷ അന്തരീക്ഷം വളര്‍ന്നിരിക്കെയാണ് പരസ്പരം യുദ്ധ ഭീഷണി മുഴക്കുന്നത്.അതിനിടെ മേഖലയില്‍ യുദ്ധ ഭീതിക്ക് ആക്കംകൂട്ടി സൗദി അറേബ്യ ആയുധം വാങ്ങിക്കൂട്ടുന്നതും .

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. എഫ്-15 യുദ്ധ വിമാനം മുതല്‍ മിസൈല്‍ കവചങ്ങള്‍ വരെ അമേരിക്കയില്‍ നിന്നു സൗദി വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുക കൂടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇത്തവണത്തെ സൗദി യാത്രയുടെ ലക്ഷ്യവും. ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്ടൂഡ് ഏരിയ ഡിഫന്‍സ് (താഡ്) മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ സൗദി ആലോചിക്കുന്നുണ്ട്. കൂടാതെ ഉപഗ്രഹ സര്‍വേയും നിയന്ത്രണവും സാധ്യമാകുന്ന സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും അമേരിക്കയില്‍ നിന്നു സൗദി വാങ്ങുമെന്നാണ് വിവരം. ബ്രാഡ്ലി ഫൈറ്റിങ് വെഹ്ക്കിള്‍, എം109 ആര്‍ട്ടിലെറി വെഹ്ക്കിള്‍ തുടങ്ങി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും വാങ്ങും. വര്‍ഷങ്ങളായി ചര്‍ച്ചകളിലുള്ളതും എന്നാല്‍ ഇതുവരെ സൗദി കൈവശപ്പെടുത്തിയിട്ടില്ലാത്തതുമായ ആയുധങ്ങളാണ് ഇപ്പോള്‍ സൗദി വാങ്ങാന്‍ ഒരുങ്ങുന്നത്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ 2015 അമേരിക്കന്‍ വിദേശകാര്യ വകുപ്പുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും കരാറില്‍ സൗദി ഒപ്പുവച്ചിരുന്നില്ല. ഉടന്‍ തന്നെ ഈ കരാറും നിലവില്‍ വരും. ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തിയാല്‍ യുദ്ധക്കപ്പല്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ലിറ്ററല്‍ കോംമ്പാറ്റ് ഷിപ്പിന്റെ മാതൃകയിലുള്ളതാണ് സൗദി സ്വന്തമാക്കുക. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ അമേരിക്ക ഈ കരാറിന് ഒരുങ്ങൂവെന്നാണ് വിവരം.

എന്തായാലും ഗള്‍ഫ്‌ മേഖല ഒരു യുദ്ധത്തിനുള്ള നിലയില്‍ അല്ല എന്നതാണ് സത്യം. എണ്ണവിലയിടിവ് നട്ടെല്ല് ഓടിച്ച ഗള്‍ഫിന് ഇനിയും ഒന്നും താങ്ങാന്‍ കഴിയില്ല. ഗൾഫ് യുദ്ധം കാരണം എറ്റവും നട്ടം തിരിഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ .ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആണ് കഴിഞ്ഞ യുദ്ധ കാലത്ത് ഉള്ളതെല്ലാം ഇട്ടെറിഞ്ഞു നാട്ടില്‍ തിരികെ വന്നത്. നിരാലംബരായ ലക്ഷക്കണക്കിന്‌ പ്രവാസികളെ കൂടിയാകും ഇനി ഒരു യുദ്ധം ഉണ്ടായാല്‍ നമ്മുക്ക് കണ്ടെണ്ടി വരിക. ഇന്ന് ഏകദേശം 16 ലക്ഷം മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. 1990 കളിലുണ്ടായ ഗള്‍ഫ് യുദ്ധം, ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി, നിതാഖാത് തുടങ്ങിയവ മൂലം ഗള്‍ഫ് കുടിയേറ്റത്തില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും എന്നും കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് ഗള്‍ഫ് മലയാളികള്‍. ഇനിയൊരു യുദ്ധം ബാധിക്കുക നമ്മുടെ കൂടി സാമ്പത്തികവ്യവസ്ഥയെ ആയിരിക്കും എന്നതില്‍ സംശയം വേണ്ട.

By: അബ്ദുൽ കരീം കക്കാട്‌


 

 
Loading...