റിയാദ്: ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം രോഗികളുടെ എണ്ണം 10,000 മുതൽ 2 ലക്ഷം വരെ ഉയർന്നേക്കാമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ മുന്നറിയിപ്പ്. അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ജനം വീട്ടിലിരിക്കണമെന്നും അഭ്യർഥിച്ചു. 

അതേസമയം, ജാഗ്രതാ നടപടികൾ വൈകിയ രാജ്യങ്ങളിലേതുപോലുള്ള അവസ്ഥ സൗദിയിൽ ഉണ്ടാകില്ലെന്നും പ്രത്യാശിച്ചു. മികച്ച ആരോഗ്യ സൗകര്യങ്ങളാണ് രാജ്യം ഏർപ്പെടുത്തിയിരിക്കുന്നത്. 80,000 കിടക്കകളും 8000 അടിയന്തര ചികിത്സാ സൗകര്യങ്ങളും 2000 ഐസലേഷൻ ബെഡുകളും 8000ത്തിലേറെ വെന്റിലേറ്ററുകളുമുണ്ട്. 

മതിയായ സൗകര്യങ്ങളുണ്ടെങ്കിലും സർക്കാരിന്റെ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കാതായാൽ സാമൂഹികവ്യാപനത്തിന് കാരണമാകുമെന്നും സൂചിപ്പിച്ചു. ഇളവുള്ള സമയത്ത് കൂട്ടത്തോടെ ജനം വ്യാപാര കേന്ദ്രങ്ങളിൽ എത്തിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇതാണ് 24 മണിക്കൂർ കർഫ്യൂവിലേക്ക് സർക്കാർ എത്തിയത്. അതിനാൽ ഓരോരുത്തരും സ്വയം നിയന്ത്രണം പാലിച്ച് വീടുകളിൽ ഇരുന്ന് സ്വന്തത്തിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് നാല് ഗവർണറേറ്റുകളിലെ പ്രതിദിന കർഫ്യൂവിന്റെ ദൈർഘ്യം സൌദി അറേബ്യ 24 മണിക്കൂറായി വർധിപ്പിച്ചത്. ഇതിന് പുറമേ തലസ്ഥാന നഗരമായ റിയാദ്, തബുക്ക്, ദമ്മാം, ദഹരൺ, ഹഫൌഫ് എന്നിവിടങ്ങളിൽ സൌദി ഭരണകൂടം ലോക്ക് ഡൌണും പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. ജിദ്ദാ, തൈഫ്, ഖ്വാത്തിഫ്, ഖോബാർ എന്നീ ഗവർണറേറ്റുകളിലും സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

Loading...