റിയാദ്: ലോകസമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ പദവി സൗദി അറേബ്യയ്ക്ക്. ഒരു അറബ് രാജ്യത്തിന് ഈ പദവി ലഭിക്കുന്നത് ഇതാദ്യമായാണ് .ഇതുവരെ ജപ്പാന്‍ ആയിരുന്നു അധ്യക്ഷ പദവി അലങ്കരിച്ചിരുന്നത്. സൗദിക്ക് മുന്നില്‍ വന്‍ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.ജി20 രാഷ്ട്ര നേതാക്കളുടെ 2020ലെ സമ്മേളനം ഇനി റിയാദിലായിരിക്കും നടക്കുക. സൗദിക്ക് ലഭിച്ചിരിക്കുന്നത് അതുല്യ അവസരമാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ചൈനയും ഇന്ത്യയുമുള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20.

ജപ്പാനില്‍ നിന്നാണ് ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവി സൗദി അറേബ്യ ഏറ്റുവാങ്ങുന്നത്. അടുത്ത വര്‍ഷം നവംബര്‍ 21,22 തിയ്യതികളില്‍ സൗദി തലസ്ഥാനമായ റിയാദിലായിരിക്കും ജി20 ഉച്ചകോടി നടക്കുക. ലോകത്തെ സമ്പന്ന രാജ്യങ്ങളെ ഇനി സൗദി നയിക്കുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജപ്പാന്‍ തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ സൗദി പൂര്‍ത്തിയാക്കുമന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ സൗദിക്ക് അതുല്യമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അടുത്ത നവംബറിലാണ് ജി20 സമ്മേളനം നടക്കുകയെങ്കിലും ഇതിന് മുന്നോടിയായി നൂറോളം പ്രമുഖ യോഗങ്ങള്‍ക്ക് സൗദി സാക്ഷ്യംവഹിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ സ്ഥിരം സന്ദര്‍ശന മേഖലയായി സൗദി മാറും. അതേസമയം, ഒട്ടേറെ വെല്ലുവിളികളും ഇതിലൂടെ സൗദിക്ക് മുന്നിലെത്തുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം, വികസനം, കുറഞ്ഞ ജനന നിരക്ക്, ഉയരുന്ന ജനസംഖ്യ, വര്‍ധിച്ചുവരുന്ന ദേശീയവാദം തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ നേരിടാന്‍ സൗദി മുന്നില്‍ നില്‍ക്കണം. കാലാവസ്ഥാ വ്യതിയാനമായിരിക്കും വന്‍ വെല്ലുവിളി. ആഗോള താപന വിഷയത്തില്‍ ജി20 രാജ്യങ്ങളിലെ മിക്ക രാജ്യങ്ങള്‍ക്കും വ്യത്യസ്ത നിലപാടാണ്.

Loading...