കഴിഞ്ഞ രണ്ടര വർഷമായി സൗദിയിൽ വീട്ടു തടങ്കലിൽ കഴിയുന്ന മലയാളി പെൺകുട്ടികളെ മോചിപ്പിക്കുന്നതിനുള്ള വഴി തെളിയുന്നു. കെഎംസിസിയുടെ നേതൃത്വത്തിലാണ് മോചന ശ്രമം നടക്കുന്നത്.

അൽകോബാർ റാകയിലെ സൗദി പൗരനാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. പെൺകുട്ടികൾ വയനാട് സ്വദേശികളാണ്. കുട്ടികളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ മാതാവും ഇന്ത്യൻ എംബസിയും ഏൽപ്പിച്ചതിനെ തുടർന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി പൗരനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.കുട്ടികളുടെ പിതാവാണ് ഇവരെ തന്റെ കൈയിൽ ഏൽപ്പിച്ചത്. ഇവർ സുരക്ഷിതരാണ്. പിതാവ് നേരിട്ടെത്തിയാൽ മാത്രമേ ഇവരെ വിട്ടു നൽകൂവെന്നും സൗദി പൗരൻ അറിയിച്ചിരുന്നു. കുട്ടികളുടെ പിതാവ് ശ്രീലങ്കൻ സ്വദേശിയാണ്. കുട്ടികളെ വിട്ടു കിട്ടാനായി അൽകോബാർ, ദമാം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷൻ ക്യാപ്റ്റന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

വയനാട് സ്വദേശിനിയായ യുവതിയെ സൗദിയിൽ സ്വർണ വ്യാപാരം നടത്തുന്ന ശ്രീലങ്കൻ സ്വദേശി 12 വർഷം മുൻപാണ് വിവാഹം കഴിച്ചത്. വയനാട്ടിൽ വച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ ദമാമിലേക്ക് കൊണ്ടുപോയി. പത്തു വർഷമായി അവിടെ താമസിച്ച് വരികയായിരുന്നു.

ശ്രീലങ്കൻ സ്വദേശിയും സൗദി പൗരനും രണ്ട് ആഫ്രിക്കക്കാരും പങ്കാളികളായാണ് സ്വർണ വ്യാപാരം നടത്തിയിരുന്നത്. എന്നാൽ കച്ചവടം തകരുകയും ആഫ്രിക്കൻ സ്വദേശി വലിയൊരു സംഖ്യയുമായി കടന്നു കളയുകയുമായിരുന്നു. ഇതോടെയാണ് ശ്രീലങ്കൻ സ്വദേശിയുടെ പെൺമക്കളെ സൗദി പൗരൻ തന്ത്രപരമായി കൈക്കലാക്കിയതെന്ന് കുട്ടികളുടെ മാതാവ് പറയുന്നു.

ആഫ്രിക്കൻ സ്വദേശി തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റെ തുക നൽകിയാൽ മാത്രമേ കുട്ടികളെ വിട്ടു നൽകൂ എന്നാണ് സൗദി പൗരൻ അറിയിച്ചിരിക്കുന്നത്. ഇതോടെ ശ്രീലങ്കൻ പൗരൻ ഭാര്യയേയും മറ്റ് നാലു മക്കളേയും വയനാട്ടിലേക്ക് അയച്ചു. മൂന്നു ലക്ഷം സൗദി റിയാലാണ് സൗദി പൗരൻ പകരമായി ചോദിക്കുന്നത്. പ്രശ്‌നത്തിൽ പരിഹാരം കാണുന്നതിനുള്ള ഊർജിത ശ്രമം കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Loading...