വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാണ് പൂര്‍ത്തിയാക്കുക. പദ്ധതി പ്രാബല്യത്തിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി നൂറ് ബില്യണ്‍ റിയാലിന്റെ കരാറുകള്‍ ഒപ്പു വെച്ചു.

ഊര്‍ജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. 70 ബില്യണ്‍ റിയാലിന്റെ പദ്ധതികളുണ്ട് ഈ മേഖലയില്‍ മാത്രം. ഇതെല്ലാം ഉള്‍പ്പെടുന്ന ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതിയുടെ പ്രഖ്യാപനമാണ് കിരീടാവകാശി നടത്തിയത്. ഗതാഗത രംഗത്ത് മാത്രം 50 ബില്യണ്‍ റിയാലിന്റേതാണ് പദ്ധതി. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കി.മി ദൈര്‍ഘ്യമുള്ള റെയില്‍വേ എന്നിവയും ഉടന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പത്ത് ലക്ഷത്തിലേറെ തൊഴിലുകള്‍ക്കാണ് അവസരം വരുന്നത്.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളുമായുള്ള കരാര്‍ കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ഒപ്പു വെച്ചു. വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വ്യാവസായിക മുന്നേറ്റത്തിനുള്ള കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെ പുതിയ പ്രതീക്ഷകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വ്യവസായികള്‍ പറയുന്നത്. പതിനഞ്ച് ലക്ഷത്തിലേറെ ജോലി സാധ്യതകള്‍ പുതിയ പ്രഖ്യാപനത്തോടെയുണ്ടാകും. സ്യകാര്യ മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കും കുറയുമെന്നാണ് പ്രതീക്ഷ. ഇത് പ്രവാസികള്‍ക്കും ഗുണകരമാകും.

Loading...