റിയാദ്: റിയാദിൽ നടക്കുന്ന ആഗോളനിക്ഷേപ സമ്മേളനത്തിൽ വൻനിക്ഷേപ സാധ്യതകൾ തുറന്ന് കാട്ടി സൗദിഅറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പ്രമുഖരാണ് റിയാദിലെ റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ എത്തിയത്.സമ്മേളനത്തിലെ രണ്ടാംദിനം ലോകോത്തര കമ്പനികൾ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. 23 വൻകിട കരാറുകളാണ് ഒപ്പുവെച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വിസ് പ്രസിഡന്റ് ഒലി മോറെർ, ജോർദാനിലെ അബ്ദുള്ള രാജാവ്, ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസണാറോ, യു.എസ്. ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂചിൻ, യു.എ.ഇ. വിദേശകാര്യ മന്ത്രി അടക്കം ഒട്ടേറെ പ്രമുഖർ വിവിധ സെഷനുകളിലായി സംസാരിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ആഗോള നിക്ഷേപ സമ്മേളനം വ്യാഴാഴ്ച സമാപിച്ചു.

സൗദി അറേബ്യയിലെ ഇപ്പോഴത്തെ സാഹചര്യം നിക്ഷേപത്തിന് പറ്റിയ അന്തരീക്ഷമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. ഭരണ സ്ഥിരത, ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ, മികച്ച മാനവവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള സൗദിയിൽ നിക്ഷേപത്തിന് പറ്റിയ സമയമാണിത്. ഒരു നിക്ഷേപകനെന്ന നിലയ്ക്ക് തനിക്ക് അങ്ങനെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം മുതൽ കാർഷിക മേഖല വരെ സർക്കാർ അടിസ്ഥാന സൗകര്യ മേഖലയിൽ മികച്ച സൗകര്യമൊരുക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സൗകര്യങ്ങളാണ് കാർഷികമേഖലയിൽ സൗദി ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക സ്ഥിതിയെ എങ്ങനെ ശക്തിപ്പെടുത്തും എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു യൂസഫലി.

Loading...