സൗദിയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായി തായലന്‍ഡ് അധികൃതര്‍. റഹാഫ് മുഹമ്മദ് എന്ന പതിനെട്ടുകാരിയെയാണ് തടഞ്ഞുവച്ചത്. തായ്‌ലന്‍ഡ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു റഹാഫിന്റെ തീരുമാനം.

കുടുംബത്തില്‍നിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാന്‍ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. തായ്‌ലന്‍ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു. ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സൗദി, കുവൈത്ത് അധികൃതര്‍ തടഞ്ഞുവെക്കുകയും തന്റെ യാത്ര സംബന്ധമായ രേഖകള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അനുവാദമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് രക്ഷിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

രക്ഷിതാക്കള്‍ വളരെ കര്‍ക്കശ സ്വഭാവമുള്ളവരാണ്. മുടി മുറിച്ചതിന്റെ പേരില്‍ അവര്‍ ആറുമാസം തന്നെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. സൗദിയിലേക്ക് തിരിച്ച് പോകുകയാണെങ്കില്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ അവര്‍ എന്നെ കൊന്നുകളയുമെന്ന കാര്യത്തില്‍ തനിക്ക് 100 ശതമാനം ഉറപ്പുണ്ട്. തനിക്ക് പേടിയാണെന്നും പ്രതീക്ഷയൊക്കെ നശിച്ചിരിക്കുകയാണെന്നും റഹാഫ് പറഞ്ഞു.

കുവൈത്തില്‍നിന്ന് തായ്‌ലന്‍ഡിലെത്തിയ റഹാഫിനെ ബാങ്കോങ്ക് വിമാനത്താവളത്തില്‍വച്ച് തടയുകയായിരുന്നു. ഞായറാഴചയായിരുന്നു സംഭവം. യാത്രക്കാവശ്യമായ ടിക്കറ്റുകളോ പണമോ യുവതിയുടെ കൈയില്‍ ഉണ്ടായിരുന്നില്ല. വിവാഹാലോചനകളില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് യുവതി നാട് വിട്ടതെന്നും റഹാഫ് ഇപ്പോള്‍ വിമാനത്താവളത്തിലെ ഹോട്ടലിലാണുള്ളതെന്നും തായലന്‍ഡ് ഇമിഗ്രേഷന്‍ തലവന്‍ സൂരാച്ചത് ഹക്പണ്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

സൗദി എംബസിയുമായി തായ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലയോടെ റഹാഫിനെ സൗദി അറേബ്യയിലേക്ക് തിരിച്ച് അയക്കും. ഇത് തികച്ചും ഒരു കുടുംബ പ്രശ്‌നമാണെന്നും സൂരാച്ചത് കൂട്ടിച്ചേര്‍ത്തു.

Loading...