സൗദിയില്‍ വിദേശ തൊഴിലാളിക്ക് 2,70,000 റിയാല്‍ നല്‍കാന്‍ പ്രത്യേക തൊഴില്‍ കോടതിയുടെ വിധി. തുടര്‍ച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരുന്ന കമ്പനിക്കെതിരെ തൊഴിലാളി നല്‍കിയ കേസിലാണ് കോടതി വിധി. റിയാദിലാണ് തൊഴിലാളിയുടെ കുടിശികയായ ശമ്പളവും സേവനാനന്തരാനൂകൂല്യവും ഉള്‍പ്പെടെ 270,000 റിയാല്‍ നല്‍കാന്‍ പ്രത്യേക തൊഴില്‍ കോടതി വിധിച്ചത്.

മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴില്‍ നിയമം അനുസരിച്ച് തൊഴിലുടമക്കെതിരെ തൊഴിലാളി പരാതി നല്‍കിയത്. തുടര്‍ന്ന് തൊഴിലാളി മറ്റൊരു കമ്പനിയില്‍ ജോലിക്കു പ്രവേശിക്കുകയും ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം മൂന്ന് മാസം തുടര്‍ച്ചയായി വേതനം ലഭിച്ചില്ലങ്കില്‍ തൊഴിലുടമയെ അറിയിക്കാതെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്കു തൊഴില്‍ മാറ്റം നടത്താന്‍ തൊഴിലുടമക്കു അവകാശമുണ്ട്.

ഇങ്ങനെ മാറുമ്പോള്‍ തൊഴിലാളിയ്ക്ക് നിയമ പരമായി ലഭിക്കേണ്ട അവകാശം റദ്ദാവില്ലന്നും ഇത് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥാനണെന്നും നിയമം സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തൊഴിലാളിക്ക് അനുകൂലമായ കോടതി വിധി. കൂടാതെ കമ്പനിക്ക് 150,000 റിയാല്‍ പിഴയും വിധിച്ചു. പ്രത്യേക തൊഴില്‍ കോടതി നിലവില്‍ വന്ന ശേഷം തൊഴില്‍ കേസുകള്‍ വേഗത്തിലാണ് തീര്‍പ്പാക്കുന്നത്.

Loading...