സൗദിയില്‍ ഇനി മുതല്‍ തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റാന്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പരിഷ്‌കരിച്ച തൊഴില്‍ നിയമാവലി തൊഴില്‍ മന്ത്രി അംഗീകരിച്ചു. പാസ്‌പോര്‍ട്ടോ ഇന്‍ഷൂറന്‍സ് കാര്‍ഡുകളോ കൈവശം വെക്കാനും തൊഴിലുടമക്ക് അനുവാദമില്ല.

മന്ത്രിസഭയുടേയും, തൊഴില്‍ സാമുഹിക വികസന മന്ത്രാലയത്തിന്റേയും മുഴുവന്‍ ശുപാര്‍ശകളും ഉള്‍പ്പെടുത്തികൊണ്ടാണ് തൊഴില്‍ നിയമാവലി പരിഷ്‌കരിച്ചത്. പരിഷ്‌കരിച്ച നിയമാവലി സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ഗുണം ചെയ്‌തേക്കും. തൊഴിലാളിയുടെ താമസ സ്ഥലം മാറേണ്ട വിധം സ്ഥലം മാറ്റാന്‍ പുതിയ നിയമാവലി അനുവാദം നല്‍കുന്നില്ല. അതിന് തൊഴിലാളിയുടെ രേഖാമുലമുള്ള അനുമതിപത്രം വേണം.

പഴയനിയമാവലിയനുസരിച്ച് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള നിശ്ചിത ഫോറത്തില്‍ ഒപ്പുവെച്ച് കൊണ്ട് തൊഴിലാളികളുടെ പാസ്‌പോര്‍ട്ടും ഇന്‍ഷൂറന്‍സ് കാര്‍ഡുകളും തൊഴിലുടമകള്‍ക്ക് കൈവശം വെക്കാന്‍ അനുവാദമുണ്ടായിരന്നു. എന്നാല്‍ ഇനിമുതല്‍ തൊഴിലാളികളുടേയും വേലക്കാരികളുടേയും പാസ്‌പോര്‍ട്ടോ, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡോ കൈവശം വെക്കാന്‍ തൊഴിലുടമക്ക് അനുവാദമില്ല. സ്വന്തം നിലക്ക് ആഭ്യന്തര തൊഴിള്‍ നിയമാവലി തയ്യാറാക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി നല്കുന്നുണ്ട്. എന്നാല്‍ ഈ നിയമാവലി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള നിയമ സ്ഥാപനങ്ങള്‍ വഴി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

Loading...