കോഴിക്കോട് : കാലവർഷം ശക്തിയാർജിച്ചതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളജ് ഒഴികെയുള്ളവയ്ക്കും കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കലക്ടർമാർ രാവിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ് ടു വരെയുള്ളവയ്ക്ക് കോഴിക്കോട് കലക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് കോളജുകളേയും പ്രഫഷണൽ കോളജുകളേയും ഉൾപ്പെടുത്തുകയായിരുന്നു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.

ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലേയും, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നു കലക്ടർ അഭ്യർഥിച്ചു.

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കലക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.

Loading...