ഭൂമിയുടെ ആയുസ്സിന്റെ കാര്യത്തില്‍ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. 15,000ത്തോളം ശാസ്ത്രജ്ഞന്മാരാണ് ഭൂമിയുടെ ആയുസ്സിന്റെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അപകടകരമായ കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധന, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1992ലാണ് ഈ മുന്നറിയിപ്പ് കത്ത് ആദ്യമായി എഴുതിയിരുന്നത്. ഇതില്‍ ആദ്യം ഒപ്പ് വച്ചിരുന്നത് 1700 ശാസ്ത്രജന്മാരായിരുന്നു. ഇതിനുള്ള അനുബന്ധമെന്നോണം പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പ് കത്തിലാണ് 184 രാജ്യങ്ങളില്‍ നിന്നുമുള്ള 15,000 ശാസ്ത്രജ്ഞന്മാര്‍ ഒപ്പ് വച്ചിരിക്കുന്നത്.

കൂട്ട വംശനാശത്തിലേക്കാണ് ഭൂമി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയെ കാത്തിരിക്കുന്നത് മറ്റൊന്നുമാവില്ല, വന്‍ ദുരന്തമല്ലാതെ.ബയോസയന്‍സ് ജേര്‍ണലിലാണ് ഇത്രയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ഒരേ മുന്നറിയിപ്പ് ഭൂമിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. 25 വര്‍ഷം മുന്‍പ് ഇത്തരമൊരു മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ മാനവരാശിക്ക് നല്‍കിയിരുന്നു. 1992ല്‍ 1700 ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ് രേഖയില്‍ ഒപ്പിട്ടത്.

വന്‍ ജനസംഖ്യാ വര്‍ധനവ്, കാലാവസ്ഥാ മാറ്റം, വനനശീകരണം, എന്നിവയെല്ലാമാണ് ഭൂമിയുടെ നാശത്തിലേക്ക് വഴി തുറക്കുന്നത്. 25 വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പിന് ശേഷം ഭൂമിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യ കൂടിയതും മലിനീകരണത്തിന്റെ തോത് കൂടിയതും ഭൂമിക്ക് വലിയ വെല്ലുവിളിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഭൂമി ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലാണ്. ഈ വംശനാശത്തിന് കാരണമാകുക മനുഷ്യനാണെന്നും ശാസ്ത്രലോകം കരുതുന്നു. ഈ ദുരന്തത്തെ പ്രതിരോധിക്കുന്നതിന് പതിമൂന്നിന നിര്‍ദേശങ്ങളും ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണം തന്നെയാണ് ഈ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.


 

 
Loading...