തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ് ജാന്‍സിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാന്‍സി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞ് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ജാന്‍സിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയ സഹോദരന്‍ ദുര്‍ഗാ പ്രസാദ് ഏറെ വിളിച്ചിട്ടും താരം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ജാന്‍സി ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ജാന്‍സി മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി താരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജാന്‍സിയുടെ കോള്‍ റെക്കോര്‍ഡും ചാറ്റുമെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്പരകളിലും ചില സിനിമകളിലും ജാന്‍സി വേഷമിട്ടിട്ടുണ്ട്.

Loading...