57 കാരനായ മധ്യവയസ്‌ക്കൻ തൃത്താലയിലെ ഒരു യുപി സ്‌കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. സ്കൂളിന് അടുത്തുള്ള സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരെ(57) പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഇയാളുടെ കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന വിദ്യാര്‍ത്ഥിനികളെയാണ് പ്രതി ചൂഷണം ചെയ്തിരുന്നത്. ഒരു കുട്ടിയുടെ തുറന്ന് പറച്ചിലിലൂടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികളും ലൈംഗികമായി ദുരുപയോഗത്തിന് ഇരയായെന്ന് അധ്യാപകരോട് വെളിപ്പെടുത്തി.

അതേസമയം ഇതുവരെ കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വ്യാഴാഴ്ചയാണ് പീഡന വിവരം ഒരു പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. പിന്നീടാണ് മറ്റ് കുട്ടികളും ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇത്തരത്തില്‍ പരാതിപറഞ്ഞ 59 പെണ്‍കുട്ടികളില്‍നിന്ന് പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂഷണത്തിനിരയായ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും രക്ഷിതാക്കള്‍ക്കായി നിയമ ബോധവത്കരണ ക്ലാസും നല്‍കി. രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയനുസരിച്ച് തൃത്താല പോലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

വരുംദിവസങ്ങളില്‍ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവര്‍ പറഞ്ഞു.

Loading...