കൊച്ചി: ഷെയ്ന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച ലഹരി ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്ന് മാതാവ് സുനില. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്നും അവരുടെ ഉദ്ദേശ്യമെന്തെന്ന് കാലം തെളിയിക്കുമെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന്റെ സിനിമകള്‍ ഇനി തങ്ങള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഷൂട്ടിങ് മുടങ്ങിയ ഈ രണ്ടു ചിത്രങ്ങളും ഉപേക്ഷിക്കുകയാണെന്നും ഇതിലൂടെ നിര്‍മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്തിയാലേ ഷെയ്‌നുമായി സഹകരിക്കേണ്ടതുള്ളൂ എന്നുമാണ് അസോസിയേഷന്‍ തീരുമാനം. സ്വബോധമുള്ളവര്‍ ചെയ്യുന്ന കാര്യമല്ല ഷെയ്ന്‍ ചെയ്തതെന്നും മലയാള സിനിമയിലെ യുവതലമുറയ്ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

അതേസമയം, ഷെയ്ന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടിയാണെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സുനില പറയുന്നു. ‘ദേഷ്യം വന്നാല്‍ കള്ളത്തരം കാണിക്കാന്‍ അവനറിയില്ല. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവന്‍ അവന്റെ തൊഴിലില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അവന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കില്‍ അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. കാരണം, ഞങ്ങള്‍ക്കവനെ പൂര്‍ണ വിശ്വാസമാണ്. അതാണല്ലോ പ്രധാനം.’

‘പക്ഷേ, എന്റെ മകന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മലയാള സിനിമയിലെ പുതുതലമുറയെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ലഹരി ആരോപണം മന:പൂര്‍വം ഉന്നയിക്കുന്നതാണ്. അതിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. അതെന്താണെന്ന് നമുക്കറിയില്ല. അത് കാലം തെളിയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്’ -സുനില വ്യക്തമാക്കി.

പ്രശ്‌നങ്ങളുണ്ടായ ശേഷവും ഷെയ്ന്‍ കൃത്യമായി ഷൂട്ടിന് പോയിരുന്നെന്നും തീരെ സഹിക്കാനാകാത്ത സാഹചര്യത്തിലാണ് സെറ്റില്‍ നിന്ന് പോന്നതെന്നും മാതാവ് പറയുന്നു. ’21ന് രാവിലെ വെയിലിന്റെ സംവിധായകന്‍ ശരത് എന്നെ വിളിച്ച് ഷെയ്‌നിന്റെ ആറ്റിറ്റിയൂഡ് ഇങ്ങനെയാണെങ്കില്‍ പാക്കപ്പ് വിളിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാന്‍ ഷെയ്‌നിനെ വിളിച്ചപ്പോള്‍ രാത്രി രണ്ടു വരെ ഷൂട്ടുണ്ടായിരുന്നെന്നും ഉറക്കത്തില്‍ നിന്നെണീറ്റാണ് ഫോണെടുത്തതെന്നുമാണ് അവന്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഷൂട്ടിങ്ങിനുണ്ടായിരുന്ന ഒരാളുടെ ആറ്റിറ്റിയൂഡിന് എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ശരത്തിനോട് ചോദിച്ചു. ഇക്കാര്യം പറഞ്ഞ് ഞാനും ശരത്തുമായി വാക്കുതര്‍ക്കമുണ്ടായി. ഞാന്‍ ഷെയ്‌നിനെ വിളിച്ചപ്പോള്‍, ‘ഇത് ശരിയാവില്ല ഉമ്മ, ഞാനിത്രയും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ട് ഇതാണ് അയാളുടെ സ്വഭാവമെങ്കില്‍ ബുദ്ധിമുട്ടാണ്’ എന്നു പറഞ്ഞു. അതിനുശേഷമാണ് ഷെയ്ന്‍ അവിടെനിന്ന് പോരുന്നത്.’

‘ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ സമയത്ത് ഷെയ്‌നിന് ഉറക്കം തന്നെ വരാത്ത അവസ്ഥയുണ്ടായിരുന്നു. അതില്‍ നിന്ന് അവന്‍ റിക്കവര്‍ ആയി വരുന്നതേയുള്ളൂ. ദിവസത്തില്‍ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇഷ്‌ക്കിന്റെ നിര്‍മാതാവ് സാരഥിയും സംവിധായകന്‍ അനുരാജുമൊക്കെ ആ സമയത്ത് ഏറെ പിന്തുണച്ചിരുന്നു. അവരോട് ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമായറിയാം.’

‘ജോലിയില്‍ നൂറു ശതമാനവും നല്‍കുന്നയാളാണ് ഷെയ്ന്‍. സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ടാണല്ലോ വണ്ടിയിടിപ്പിച്ചു കൊല്ലുമെന്ന് പറഞ്ഞ നിര്‍മാതാവിന്റെ ചിത്രം പൂര്‍ത്തിയാക്കാന്‍ അവന്‍ പോയത്. അഞ്ചു ദിവസം തുടര്‍ച്ചയായി ഷൂട്ടിങ് നടക്കുകയും അവന്‍ പൂര്‍ണമായും സഹകരിക്കുകയും ചെയ്ത ശേഷമാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഈ അഞ്ചു ദിവസം ഷൂട്ട് ചെയ്ത വിഷ്വലുകള്‍ അവര്‍ കാണിക്കട്ടെ. അപ്പോഴറിയാം ഷെയ്ന്‍ സഹകരിച്ചിരുന്നോ ഇല്ലയോ എന്ന്.’

‘ജോലിയാണെങ്കിലും അഭിനയം ഒരു കല കൂടിയാണ്. നടന്റെ വികാരങ്ങളും മൂഡ് സ്വിങ്ങുകളുമൊക്കെ പ്രകടനത്തെ ബാധിക്കും. അഭിനേതാക്കളെ കംഫര്‍ട്ടബിള്‍ ആക്കുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കില്‍ അവര്‍ക്ക് പെര്‍ഫോം ചെയ്യാനാവില്ല. അതാണ് ഇവര്‍ മറന്നുപോകുന്നത്’ -സുനില കൂട്ടിച്ചേര്‍ത്തു.

Loading...