കൊച്ചി: നടൻ ഷെയ്ന്‍ നിഗത്തിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല എന്നാൽ നടനെതിരെ എടുത്ത നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത്. നടൻ കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ ഇയാളുമായി നിസ്സഹകരിക്കുക എന്നതാണ് തീരുമാനമെന്നും രഞ്ജിത്ത് വ്യക്തമാക്കി . ഷെയ്‌നിന് മാത്രമല്ല പുതിയ തലമുറ താരങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്ന പലര്‍ക്കുമുള്ള താക്കീതെന്ന് നിലയിലാണ് ഈ നടപടിയെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. 

രണ്ട് സിനിമകളുടെ നിര്‍മാണം മുടങ്ങിയതിനെ തുടര്‍ന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് തിരികെ ലഭിക്കുന്നത് വരെ ഷെയ്‌നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും ഷെയ്‌നിന്റെ പ്രായം കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ പലരീതിയില്‍ ഇടപെട്ടിട്ടും തികച്ചും നിഷേധപരമായാണ് ഷെയ്ന്‍ പെരുമാറിയത്. ഷെയ്‌നിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും കുടുംബാംഗങ്ങളും സിനിമാസംഘടനകളും പല രീതിയില്‍ ശ്രമം നടത്തിയിട്ടും ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദിത്തപരമായ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

Loading...