മൂന്ന് വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിക്കുന്നത് എട്ട് വയസ്സുകാരിയായ മകൾ. അമ്മയ്ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതും തുണി വെള്ളത്തിൽ നനച്ച് ദേഹം തോർത്തിക്കൊടുക്കുന്നതും പല്ലു തേപ്പിക്കുന്നതും മലമൂത്ര വിസർജനം നടത്താൻ സഹായിക്കുന്നതുമൊക്കെ ഇൗ നാലാം ക്ലാസുകാരി.

ഷാർജ യർമൂഖിലെ കൊച്ചു ഫ്ലാറ്റിലാണ് കരളലിയിപ്പിക്കുന്ന ഇൗ കാഴ്ചകൾ. ഇലക്ട്രീഷ്യനായ കൊല്ലം പുനലൂർ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ രാധാ സുരേഷ് (51)ആണ് എണീറ്റിരിക്കാൻ പോലും സാധിക്കാതെ കിടപ്പിലായത്. 2014ലായിരുന്നു സംഭവം. സാധാരണ ഗതിയിൽ നടന്നിരുന്ന രാധയുടെ കാലുകൾക്ക് പെട്ടെന്ന് നീരു വരികയും പിന്നീട് നടക്കാൻ പറ്റാത്ത വിധം ശരീരം മുഴുവൻ നീര് വന്ന് വേദന പടരുകയും ചെയ്തു. അധികം വൈകാതെ ഒരു ദിവസം പെട്ടെന്ന് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായതോടെ ജീവിതം ദുരിതത്തിലായി.

ഇതോടെ നാല് വയസ്സുകാരിയായ മകൾ അന്നാ പോളിനെ പോലും ശ്രദ്ധിക്കാൻ പറ്റാത്ത വിധം ജീവിതം കഷ്ടത്തിലായി. ഇലക്ട്രീഷ്യനായ സുരേഷ്കുമാർ രോഗിയായ ഭാര്യയെയും മകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. ഒടുവിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് അവധിയെടുത്തു. തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം വഴിയാധാരമായി. അതിൽപ്പിന്നെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് വർഷങ്ങളായി കുടുംബം കഴിയുന്നത്.

അജ്മാനിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ അന്നയുടെ ഫീസ് നൽകാതെ മാസങ്ങളായി. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ പല പ്രാവശ്യം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇതുപോലെ മുന്നോട്ട് പോയാൽ കുട്ടിയുടെ പഠനം മുടങ്ങുമെന്നാണ് സ്കൂൾ അധികൃതർ ഏറ്റവും ഒടുവിൽ നൽകിയ നോട്ടീസിൽ പറയുന്നത്. ഫ്ലാറ്റിന്റെ വാടക കുടിശ്ശികയും ഏറെയുണ്ട്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഏത് നിമിഷവും ബന്ധം വിഛേദിക്കുന്ന അവസ്ഥയിലാണെന്ന് സുരേഷ് കുമാർ പറയുന്നു.

ചികിത്സയ്ക്ക് നാട്ടിൽ പോകണം; പക്ഷേ, പാസ്പോർട്ടും വിസയുമില്ല

പതിനൊന്ന് വർഷം ഒമാനിലായിരുന്നു സുരേഷ് കുമാറും കുടുംബവും. അവിടെ സ്വന്തമായി ബിസിനസ് നടത്തിയിരുന്നത് പൊളിഞ്ഞപ്പോൾ മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറി. എന്നാൽ, ഒരു കേസിൽപ്പെട്ടതോടെ സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച ഒരു പരിചയക്കാരനായ വാസുദേവൻ എന്നയാൾ സുരേഷിന്റെയും രാധയുടെയും പാസ്പോർട്ടുമായി മുങ്ങിക്കളഞ്ഞു. ഇയാളിപ്പോൾ ഖത്തറിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പാസ്പോർട്ടുകളില്ലാത്തതിനാൽ യുഎഇ വിസ എടുക്കാൻ സാധിക്കുന്നില്ല. രാധ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാൽ, അന്നാ പോളിന് ഔട്ട്പാസ് കിട്ടാത്തതിനാൽ യാത്ര മുടങ്ങി. ഇതിനായി വീണ്ടും ശ്രമിക്കുന്നു. ‌

രാധയ്ക്ക് കൃത്യമായ ചികിത്സ നൽകിയാൽ വീണ്ടും പൂർവസ്ഥിതിയിലാകുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം. എന്നാൽ, ചികിത്സയ്ക്ക് യുഎഇയിൽ വൻ തുക വരുമെന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി യാതൊരു ചികിത്സയും നടക്കുന്നില്ല. ആയുർവേദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് ചിലർ ഉപദേശിച്ചെങ്കിലും ഇതിനും ഇവിടെ വൻ തുക ആവശ്യമാണ്. ശരീരം മുഴുവൻ നീര് വച്ച് തടിച്ചതിനാൽ ഒന്നു തിരിഞ്ഞു കിടക്കാൻ ശ്രമിച്ചാൽ പോലും അസഹനീയ വേദനയാണെന്ന് കണ്ണീരോടെ രാധ പറയുന്നു.

തങ്ങളുടെ ദുർവിധിയോർത്ത് അമ്മയും അച്ഛനും പലപ്പോഴും കരയുന്നത് കാണുമ്പോൾ അന്നാ പോളെന്ന കൊച്ചുമിടുക്കിയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും വരുന്നില്ല. കാരണം, അച്ഛനുമമ്മയും വിഷമിക്കാതിരിക്കാൻ, വർഷങ്ങളുടെ ശ്രമത്തിലൂടെ ഹൃദയത്തിനുള്ളിൽ തന്നെ എല്ലാ പൊട്ടിക്കരച്ചിലുകളുമൊതുക്കാനുള്ള കഴിവ് അവൾ നേടിയിരിക്കുന്നു. എങ്കിലും മറ്റുള്ളവരെ അഭിമുഖീകരിക്കാനാവാതെ തന്റെ പാഠപുസ്തകങ്ങളിൽ മുഖമൊളിപ്പിക്കുകയും ചെയ്യുന്നു. ഇൗ കുടുംബത്തെ സഹായിക്കാൻ താത്പര്യമുള്ളവർ 055–2869753 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടുക.

Loading...