തന്റെ ശരിയായ വികാരങ്ങളെ പുറത്തുകാണിക്കുന്ന സത്യസന്ധനായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടൻ ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം. മറ്റുള്ളവരുടെ പോലെ അല്ല മമ്മൂട്ടിയെന്നും നാട്യങ്ങളില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നുമാണ് താരം പറയുന്നത്.

അദ്ദേഹം വളരെ ആത്മാർത്ഥതയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് തോന്നുന്നത് എന്താണോ അതുപോലെ തന്നെ അത് പ്രകടമാക്കും. സാധാരണ എപ്പോഴും ചിരിച്ചുകാണിക്കുന്നവരെയാണ് കാണുന്നത്. അവരുടെ തലയിലൂടെ എന്താണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ല. അവർക്ക് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ വേറെ വഴിയുണ്ടാവില്ല. എന്നാൽ മമ്മൂട്ടി അങ്ങനെ അല്ല. അദ്ദേഹം ഒരിക്കലും കൃത്രിമമല്ല. യഥാർത്ഥ വികാരങ്ങൾ അദ്ദേഹം തുറന്ന് പ്രകടിപ്പിക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിലേക്ക് പോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കുഴിയിൽ വീണു പോയ വണ്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പൊലീസുകാരെയാണ് പോസ്റ്ററിൽ കാണുന്നത്. തന്റെ കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കാതെ എല്ലാവരെയും ഒരുപോലെ കാണിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അത്തരത്തിലുള്ള പോസ്റ്റർ വന്നത് എന്നാണ് ഷൈൻ ടോം പറയുന്നത്.

ഈ ചിത്രം എന്താണെന്നുള്ള വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. കൂടാതെ എങ്ങനെയായിരിക്കണം പ്രേക്ഷകർക്ക് മുന്നിൽ ചിത്രത്തെ അവതരിപ്പിക്കെണ്ടതെന്നും അദ്ദേഹത്തിനറിയാം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്യുമ്പോൾ തന്റെ കഥാപാത്രത്തെ മാത്രം എടുത്തുകാണിക്കാതെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്- ഷൈൻ വ്യക്തമാക്കി.

Loading...