ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി . കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.

വ്രതമനുഷ്ഠിക്കേണ്ടത് എങ്ങനെയെന്നാണ് ഇനി പറയുവാന്‍ പോകുന്നത്. തലേന്ന് ഒരിക്കല്‍ വ്രതം എടുക്കുക. വൈകിട്ട് ഊണ് പാടില്ല. ശിവരാത്രി നാളില്‍ പുലര്‍ച്ചെ സ്‌നാനം ചെയ്ത് പഞ്ചാക്ഷരം ജപിക്കുക. ഭസ്മധാരണം ചെയ്ത് ശിവക്ഷേത്ര ദര്‍ശനം നടത്തുക. വിധിപ്രകാരമുള്ള അനുഷ്ഠാനപരമായ വഴിപാടുകള്‍ ജപം ഇവ ശിവക്ഷേത്രത്തിനുള്ളില്‍ ചെയ്യുക. പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. അതിന് സാധിക്കാത്തവര്‍ ഇളനീരും പഴവും കഴിക്കുക.

ശിവപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. അന്നദാനമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനം. ”അന്നദാനം മഹാദാനം. കോടിയജ്ഞ സമംഫലം” എന്നാണ് പ്രമാണം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നടുന്നതും പരിപാലിക്കുന്നതും അതിവിശിഷ്ടമാകുന്നു. ശിവരാത്രി ദിവസം പൂര്‍ണ്ണമായി ഉറക്കമൊഴിഞ്ഞു വേണം വ്രതമനുഷ്ഠിക്കാന്‍. പിറ്റേദിവസം കുളിച്ച് ക്ഷേത്രത്തിലെത്തി തീര്‍ത്ഥം സേവിച്ച് പാരണ വീടുക. ഇങ്ങനെ വ്രതം പൂര്‍ത്തിയാക്കുക.

Loading...