മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എന്‍സിപിയുടെ ഉപാധി അംഗീകരിച്ച് ശിവസേന എൻഡിഎ വിടുന്നു. നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിപദം കൈയാളുന്ന ശിവസേന എംപി അരവിന്ദ് സാവന്ത് ഉടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചു. സഖ്യം രൂപീകരിക്കാൻ ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എൻസിപിയുടെ ഉപാധി. 

‘ശിവസേനയുടെ ഭാഗമാണ് ശരി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പം ഡൽഹിയിൽ നിൽക്കുന്നത് എന്തിനാണ്? അതാനാൽ താൻ കേന്ദ്രമന്ത്രിപദം രാജിവയ്ക്കുകയാണ്’ – അരവിന്ദ് സാവന്ത് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അനന്തമായി നീളുന്ന സാഹചര്യത്തിൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളാണ് സംസ്ഥാനവും ഡൽഹിയും കേന്ദ്രീകരിച്ച് നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ശരത് പവാറിന്റെ അധ്യക്ഷതയിൽ എൻസിപി നേതൃയോഗം തിങ്കളാഴ്ച ചേരും. പ്രഫുൽ പട്ടേൽ, സുപ്രിയ സൂലെ, അജിത് പവർ, ജയന്ത് പാട്ടീൽ തുടങ്ങിയവർ പങ്കെടുക്കും. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേരും. മുൻ‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ബിജെപി നേതൃയോഗവും ചേരുന്നുണ്ട്.

സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ, ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ ശിവസേനയെ സർക്കാരുണ്ടാക്കാനായി ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നൽകണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര പാർട്ടി യോഗം വിളിച്ചു.

സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണകൂടി വേണം. കോണ്‍ഗ്രസിന്‍റ പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണ സംബന്ധിച്ചു നിർണായകമായ രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടക്കും. സേനാ തലവൻ ഉദ്ധവ് താക്കറെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലെത്തി ചർച്ച നടത്തും. ശിവസേനയ്ക്കു പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയെ കാണും. ഉദ്ധവുമായുള്ള ചർച്ച അനുകൂലമായാൽ പവാർ ഇന്നുതന്നെ ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കാണും. 

Loading...