ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയായി. ബിജെപിയും കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള ത്രികോണ മത്സരം കൊണ്ട് ശ്രദ്ധയാകർഷിച്ച ദില്ലിയിലെ 7 മണ്ഡലങ്ങൾ അടക്കം 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തിൽ വിധിയെഴുതിയത്. ഓരോ വോട്ടും നഷ്ടപ്പെടാതിരിക്കാൻ കരുതലോടെ മുന്നോട്ട് നീങ്ങിയെങ്കിലും ആറാം ഘട്ടത്തിൽ ബിജെപിക്ക് കാലിടറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആറാം ഘട്ടത്തിൽ ജനവിധി തേടി 59 മണ്ഡലങ്ങളിൽ 44 മണ്ഡലങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ ഇക്കുറി ഈ 44 മണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

2014ൽ ആറാം ഘട്ടത്തിൽ ജനവിധി തേടിയ 59 മണ്ഡലങ്ങളിൽ 44 ഇടത്താണ് ബിജെപി ജയിച്ചത്. എൻഡിഎ സഖ്യകക്ഷികളായ ആപ്നാ ദളും എൽജെപിയും ഓരോ സീറ്റുകൾ വീതവും നേടി. തൃണമൂൽ കോൺഗ്രസിന് എട്ട് സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചതാകട്ടെ 2 സീറ്റുകൾ മാത്രം. ഐഎൻഎൽഡിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.

ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടന്ന് 14 സീറ്റുകളിൽ 12 ഇടത്തും 2014ൽ ബിജെപിയാണ് വിജയിച്ചത്. എന്നാൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യവും കോൺഗ്രസും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടിക്ക് ഇക്കുറി കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ സീറ്റ് നേട്ടം രണ്ടോ മൂന്നോ ആയി ചുരുങ്ങുമെന്ന് ദേശീയ മാധ്യമമമായ നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. മഹാസഖ്യത്തിന് ഗുണകരമാകുന്ന് രീതിയിലാണ് ചില ഇടങ്ങളിൽ കോൺഗ്രസ് ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.

മനേകാ ഗാന്ധിയുടെ മണ്ഡലമായിരുന്ന പിലിഭിത്തിൽ നിന്നാണ് വരുൺ ഗാന്ധി ഇക്കുറി മത്സരിക്കുന്നത്. വരുണിന്റെ മണ്ഡലമായ സുൽത്താൻപൂരിൽ നിന്നു മനേകയും ജനവിധി തേടുന്നു. സുൽത്താൻപൂരിൽ വരുൺ ഗാന്ധിക്ക് ജയസാധ്യത മങ്ങിയതിനാലാണ് ഇരുവരും സീറ്റുകൾ പരസ്പരം വെച്ചുമാറിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവർക്കും ഇക്കുറി തിരിച്ചടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഹരിയാനയിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് ഇക്കുറി കാഴ്ചവെച്ചതെന്നാണ് പ്രാദേശിക ഘടകങ്ങളിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 10 സീറ്റുകളിൽ ചുരുങ്ങിയത് എഴ് സീറ്റുകളിലെങ്കിലും കോൺഗ്രസ് വിജയിക്കും 2014ൽ കോൺഗ്രസിന് വെറും ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. ഏഴിടത്ത് ബിജെപിയും രണ്ടിടത്ത് ഐഎൻഎൽഡിയും വിജയിച്ചിരുന്നു.

മധ്യപ്രദേശിലും ബീഹാറിലും 8 സീറ്റുകളിലേക്കാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 2014ൽ രണ്ട് സംസ്ഥാനത്തും ഇതിൽ 7 സീറ്റുകളിലും വിജയം നേടിയത് ബിജെപിയാണ്. എന്നാൽ ഇക്കുറി മധ്യപ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്കും ബീഹാറിൽ കോൺഗ്രസ്- ആർജെഡി സഖ്യവും ഇതിൽ പകുതിയോളം സീറ്റുകൾ സ്വന്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭോപ്പാലിൽ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കോൺഗ്രസിന്റെ ദ്വിഗ് വിജയ് സിംഗ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആറാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയ ജാർഖണ്ഡിലെ നാല് സീറ്റുകളിലും 2014ൽ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതിൽ പകുതിയോളം സീറ്റുകളും പ്രാദശിക കക്ഷികളെ ഒന്നിപ്പിച്ച് കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം ജാർഖണ്ഡിൽ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

2014ൽ ദില്ലിയിലെ മുഴുവൻ സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. എന്നാൽ ആം ആദ്മി- കോൺഗ്രസ് സഖ്യം സാധ്യമാകാഞ്ഞതോടെ ത്രികോണ മത്സരത്തിനാണ് രാജ്യ തലസ്ഥാനത്ത് കളം ഒരുങ്ങിയത്. ഇത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും 2014ലെ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മൂൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയ പ്രമുഖരുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് നേട്ടമാകും.

ഇക്കുറി വലിയ മുന്നേറ്റങ്ങൾ മുന്നിൽക്കണ്ട് ബിജെപി കരുക്കൾ നീക്കിയ സംസ്ഥാനമാണ് ബംഗാൾ. 2014ൽ സംസ്ഥാനത്തെ 2 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 8 സീറ്റുകളും തൃണമൂൽ കോൺഗ്രസ് നിലനിർത്താനാണ് സാധ്യത. കേവല ഭൂരിപക്ഷമായ 272 സീറ്റ് മറികടക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...